
ബിഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും തകർന്നടിഞ്ഞു. 61 സീറ്റുകളിൽ മത്സരിച്ച പാർട്ടി വെറും 5 സീറ്റുകളിലേക്ക് ചുരുങ്ങി. കൈപ്പത്തിയുടെ കരുത്ത് കേവലം 5 വിരലിലൊതുങ്ങിയ അവസ്ഥയെന്ന് ചുരുക്കിപ്പറയാം. രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് ചോരി ആരോപണത്തിന്റെ മുനയൊടിച്ചുകൊണ്ടാണ് ഈ ഫലം. സംഘടനാപരമായ ദൗർബല്യവും പ്രാദേശിക നേതൃത്വത്തിന്റെ അഭാവവും പരാജയത്തിന്റെ ആഴം കൂട്ടി. രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാർട്ടിയുടെ ദുരിതകാലം തുടരുകയാണ്.
മഹാസഖ്യത്തിന്റെ ഭാഗമായി ആർജെഡിയുടെ പിന്നിൽ നിഴൽപോലെ നിന്ന് മത്സരിച്ചിട്ടും കോൺഗ്രസിന് സ്വന്തം മുഖം നഷ്ടപ്പെടുന്ന പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. 2015ൽ 41 സീറ്റിൽ മത്സരിച്ചപ്പോൾ 27 എണ്ണം നേടിയിരുന്നു. 2000ൽ 70 സീറ്റിൽ 19 ലഭിച്ചു. ഇത്തവണ 61 സീറ്റിലേക്ക് വിട്ടുവീഴ്ച ചെയ്തെങ്കിലും മുൻവർഷങ്ങളെക്കാൾ താഴേക്ക് പോയി. രാഹുലിന്റെ ജൻ അധികാര യാത്രയിലെ ജനപങ്കാളിത്തം വോട്ടിങ് യന്ത്രത്തിൽ അലയടിച്ചില്ല.
സമൂഹമാധ്യമ ക്യാംപെയ്‌നുകൾ യുവാക്കളെ ആകർഷിച്ചില്ല. പിസിസി അധ്യക്ഷൻ രാജേഷ് കുമാറിന് അണികളെ ആവേശത്തിലാഴ്ത്താൻ കഴിഞ്ഞില്ല. നിതീഷ് കുമാറിനും തേജസ്വി യാദവിനുമൊപ്പം തലയെടുപ്പുള്ള നേതാവിനെ പ്രതിഷ്ഠിക്കാനും പരാജയപ്പെട്ടു. വോട്ടെടുപ്പിന് പിന്നാലെ മുതിർന്ന നേതാവ് ഷക്കീൽ അഹമ്മദ് പാർട്ടി വിട്ടത് ആഭ്യന്തര പ്രതിസന്ധി വെളിവാക്കി. തോൽവിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ പഴിചാരുകയാണെങ്കിലും ഖർഗെക്കും രാഹുലിലും വേണുഗോപാലിനുമെല്ലാം കോൺഗ്രസിന്‍റെ തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.
ഇന്ത്യാ സഖ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്നതാണ് ഈ ഫലം. കോൺഗ്രസിന്റെ നേതൃസ്ഥാനം ചോദ്യം ചെയ്യപ്പെടും. 2022ൽ ഖാർഗെ അധ്യക്ഷനായശേഷം 17 സംസ്ഥാനങ്ങളിൽ 3 ഇടത്തുമാത്രമാണ് വിജയം നേടാനായത്. ബിഹാറിലെ ജയത്തിലൂടെ രാഹുൽ കോൺഗ്രസിനെ രക്ഷിക്കാൻ മൃതസഞ്ജീവനി കൊണ്ടുവരുമെന്ന പ്രതീക്ഷ അസ്തമിച്ചു. പതിവുപോലെ ഉപരിതല ചികിത്സയിൽ ഒതുങ്ങിയാൽ പാർട്ടിയുടെ ഭാവി കൂടുതൽ അപകടത്തിലാകും. ഒപ്പം പ്രതിപക്ഷത്തിന്‍റെയും.
















