
സെപ്റ്റംബര്‍ 9ന് പുറത്തിറങ്ങുന്ന ആപ്പിൾ ഐഫോണ്‍ 17 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകളുടെ വിലയിൽ കാത്തിരിപ്പുമായി ഉപയോക്താക്കൾ. അടുത്ത ചൊവ്വാഴ്ച്ചയാണ് ആപ്പിൾ ഐഫോൺ ലോഞ്ച് ഇവന്റ് നടത്തുന്നത്. പരിപാടിക്ക് ശേഷമുള്ള, (മൂന്ന് ദിവസത്തിന് ശേഷം) ആദ്യ വെള്ളിയാഴ്ച ഐഫോൺ 17 സീരീസ് പ്രീഓർഡറിനായി ലഭ്യമാകും.
ആപ്പിൾ പുറത്തിറക്കുന്ന നാല് ഐഫോൺ 17 മോഡലുകളിൽ ഒന്ന് വാങ്ങാൻ ആഗ്രഹിക്കുന്ന ഐഫോൺ ഉപയോക്താക്കൾ പുതിയ ഹാൻഡ്‌സെറ്റുകളുടെ വില എത്രയാകും എന്നറിയാനുള്ള തിടുക്കത്തിലാണ്. പ്രത്യേകിച്ച് യുഎസിൽ, ഈ വർഷം ചില കമ്പനികൾ ട്രംപിൻ്റെ പുതിയ താരിഫിൽ വില ഉയർത്താൻ നിർബന്ധിതരായ സാഹചര്യത്തിൽ ആപ്പിളിൻ്റെ നിലപാട് അറിയാനുള്ള കാത്തിരിക്കുകയാണ്.
എന്നാൽ ഈ വർഷം ആദ്യം തന്നെ ആപ്പിൾ ഐഫോൺ സീരീസിന് വില വർദ്ധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എങ്കിലും മുൻപേ പ്രഖ്യാപിച്ച വില വർദ്ധനവ് ജനങ്ങൾ ട്രംപിൻ്റെ താരിഫുമായി ബന്ധപ്പെടുത്തുമോ എന്ന ആശങ്കയും ആപ്പിളിനുണ്ട്.പതിവില്‍ നിന്ന് ഐഫോണ്‍ 17 പ്രോ മോഡലിനാണ് വിലയുയര്‍ന്നിരിക്കുന്നത്. ബേസ് വേരിയന്‍റ് 128 ജിബിയില്‍ നിന്ന് 256 ജിബിയായി ഉയരുന്നതാണ് ഇതിന് കാരണമായി പറയുന്നത്.
അതേസമയം, ഐഫോണ്‍ 17 പ്ലസ് മോഡലിന് പകരമെത്തുന്ന എയര്‍ മോഡലിന്‍റെ വിലയില്‍ അവ്യക്തതകള്‍ തുടരുന്നതായാണ് റിപ്പോർട്ടുകൾ.ഐഫോണ്‍ 17, ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിവയാണ് ഐഫോണ്‍ 17 സീരീസ് സ്‌മാര്‍ട്ട്‌ഫോൺ ശ്രേണിയിലുള്ളത്.
ജെപി മോര്‍ഗന്‍ റിസര്‍ച്ച് നോട്ട് പുറത്തുവിട്ട വിലകളാണ് ഐഫോണ്‍ 17 (799 ഡോളര്‍), ഐഫോണ്‍ 17 എയര്‍ (899-949 ഡോളര്‍), ഐഫോണ്‍ 17 പ്രോ (1,099 ഡോളര്‍), ഐഫോണ്‍ 17 പ്രോ മാക്‌സ് (1,199 ഡോളര്‍) എന്നിങ്ങനെ. അതേസമയം, ഐഫോണ്‍ 17 സീരീസ് ഫോണുകളുടെ യഥാര്‍ഥ വില അറിയാന്‍ സെപ്റ്റംബര്‍ 9ലെ ലോഞ്ച് ഇവന്‍റ് വരെ കാത്തിരിക്കേണ്ടിവരും. അന്ന് മാത്രമാണ് യഥാർത്ഥ വില ആപ്പിള്‍ പുറത്തുവിടുക.