കോൺഗ്രസിന് തുടർച്ചയായ തിരിച്ചടി: കോഴിക്കോട് മേയർ സ്ഥാനാർഥി വി.എം. വിനുവിന്റെ പേരും വോട്ടർപട്ടികയിൽ ഇല്ല, മത്സരിക്കാനാകില്ല!

കോഴിക്കോട്: കോൺഗ്രസിന്റെ കോഴിക്കോട് കോർപറേഷൻ മേയർ സ്ഥാനാർഥിയായി പ്രഖ്യാപിച്ച സംവിധായകൻ വി.എം. വിനുവിന്റെ പേര് വോട്ടർപട്ടികയിൽ ഇല്ലാത്തതിനാൽ മത്സരിക്കാനാവാത്ത സ്ഥിതി. കല്ലായി ഡിവിഷനിൽനിന്ന് മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെ പ്രചാരണം ആരംഭിച്ചെങ്കിലും വോട്ടർപട്ടികയിൽ പേരില്ലാത്തത് സ്ഥാനാർഥിത്വം അസാധുവാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ മത്സരിക്കുന്നവരുടെ പേര് ആ സ്ഥാപനത്തിന്റെ വോട്ടർപട്ടികയിൽ ഉണ്ടായിരിക്കണമെന്ന നിയമവ്യവസ്ഥയാണ് കോൺഗ്രസിന് വീണ്ടും തിരിച്ചടിയായത്.

തിരുവനന്തപുരം മുട്ടട വാർഡിലെ സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തതിനെത്തുടർന്ന് ഹൈക്കോടതി ഇടപെട്ട് 19-നകം തീരുമാനമെടുക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിരുന്നു. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി യുവതിയുടെ മത്സര അവകാശം എടുത്തുകളയരുതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇപ്പോൾ കോഴിക്കോടും സമാന സാഹചര്യം ആവർത്തിച്ചതോടെ സംസ്ഥാനവ്യാപകമായി കോൺഗ്രസ് സ്ഥാനാർഥികളുടെ വോട്ടർപട്ടിക പ്രശ്നം ചർച്ചയാകുന്നു.

യുഡിഎഫ് നേതൃത്വത്തിന്റെ അപാകതയും വോട്ടർപട്ടിക പരിശോധനയിലെ അശ്രദ്ധയുമാണ് ഇത്തരം പ്രതിസന്ധികൾക്ക് കാരണമെന്ന് എൽഡിഎഫ് ആരോപിച്ച് രംഗത്തെത്തി. വി.എം. വിനുവിന് പകരം പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിക്കേണ്ടി വരുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട നാമനിർദേശ പരിശോധനക്ക് മുന്നെ കോൺഗ്രസിന് ഏറ്റ തുടർച്ചയായ രണ്ടാമത്തെ കനത്ത തിരിച്ചടിയാണിത്.

More Stories from this section

family-dental
witywide