എപ്സ്റ്റീന്‍ ഫയലില്‍ വിവാദം കടുക്കുന്നു; എഫ്ബിഐ മേധാവി കാഷ് പട്ടേല്‍ രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയടക്കം വിവാദത്തിലേക്ക് തള്ളിവിട്ട എപ്സ്റ്റീന്‍ രേഖകളെച്ചൊല്ലിയുള്ള സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ രാജിവയ്ക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.

അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയുമായി അഭിപ്രായവ്യത്യാസം പുലര്‍ത്തിയ ഡെപ്യൂട്ടി ഡയറക്ടര്‍ ഡാന്‍ ബോങ്കിനോയോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് എഫ്ബിഐ ഡയറക്ടര്‍ സ്ഥാനം കാഷ് പട്ടേല്‍ ഒഴിയുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. ജെഫ്രി എപ്സ്റ്റീന്റെ മരണത്തെക്കുറിച്ചുള്ള നീതിന്യായ വകുപ്പിന്റെ (ഡിഒജെ) അന്വേഷണത്തിലും അദ്ദേഹത്തിന്റെ ‘ക്ലയന്റ് പട്ടിക’യെ ചുറ്റിപ്പറ്റിയുള്ള വിവാദ ചര്‍ച്ചയിലുമാണ് അഭിപ്രായവ്യത്യാസങ്ങള്‍ മറനീക്കിയതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

കൂടുതല്‍ ഫയലുകള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയുടെ നിലപാട് പട്ടേലിന് സ്വീകാര്യമായിരുന്നില്ല. എപ്സ്റ്റീന്‍ ആത്മഹത്യ ചെയ്തതാണെന്ന ഡിഒജെയുടെ വാദത്തെ ഇരുവരും ചോദ്യം ചെയ്യുകയും സാധ്യമായ ക്ലയന്റ് പട്ടിക ഉള്‍പ്പെടെയുള്ള പ്രധാന തെളിവുകള്‍ ഇപ്പോഴും മറഞ്ഞിരിക്കുകയാണെന്ന് വാദിക്കുകയും ചെയ്യുന്നു. ഇതോടെ എഫ്ബിഐക്കുള്ളിലെ സംഘര്‍ഷങ്ങള്‍ ഇപ്പോള്‍ നിര്‍ണായക ഘട്ടത്തിലെത്തുകയാണ്.

യുഎസിലെ നിക്ഷേപ ബാങ്കറായ ജെഫ്രി എപ്സീന്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 2019ലാണ് അറസ്റ്റിലായത്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക പീഡനം മാത്രമല്ല, മനുഷ്യക്കടത്ത് ആരോപണങ്ങളും ഇയാള്‍ നേരിട്ടിരുന്നു. ഈ കേസുകളില്‍ ആഗോള തലത്തില്‍ പ്രശസ്തരായ പല വ്യക്തികളുടെയും പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. ട്രംപ് ഉള്‍പ്പെടെ പലരും എപ്സ്റ്റീനുമായി അടുപ്പമുണ്ടെന്നു വെളിപ്പെടുത്തിയിട്ടുണ്ട്. ജയിലില്‍ കഴിയുന്നതിനിടെ എപ്സ്റ്റീന്‍ ജീവനൊടുക്കുകയും ചെയ്തു. ഇലോണ്‍ മസ്‌കും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ഉടക്കിനിടയിലാണ് എപ്‌സ്റ്റീന്‍ ഫയല്‍സ് ചര്‍ച്ചയായത്.

സമൂഹത്തിലെ ഉന്നതങ്ങളിലെ സ്വാധീനം മൂലം പല സ്ത്രീകളെയും കുട്ടികളെയും എപ്സ്റ്റീനും കൂട്ടാളികളും ലൈംഗികമായി പീഡിപ്പിച്ചു. 2005ല്‍ ഫ്‌ലോറിഡയിലെ പാം ബീച്ചിലാണ് എപ്‌സ്റ്റീനെതിരെ ആദ്യം കേസ് അന്വേഷണം നടത്തിയത്. പതിനാലുകാരിയായ പെണ്‍കുട്ടിയെ എപ്സ്റ്റീന്‍ പീഡിപ്പിച്ചുവെന്ന് ഒരു രക്ഷിതാവ് പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ എപ്സ്റ്റീന്‍ 36 പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നത് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലായിരുന്നു.

More Stories from this section

family-dental
witywide