
തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗക്കേസിൽ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ച വിധിയുടെ വിശദാംശങ്ങൾ പുറത്ത്. പരാതിക്കാരിയുടെ മൊഴിയിലും പരാതിയിലും ഗുരുതര വൈരുദ്ധ്യങ്ങൾ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവം നടന്നുവെന്ന് ആരോപിക്കുന്ന തീയതിക്ക് മാസങ്ങൾ കഴിഞ്ഞിട്ടും പോലീസിൽ പരാതി നൽകാതെ ആദ്യം കെപിസിസി പ്രസിഡന്റിന് പരാതി കൊടുത്തതിലും പരാതി നൽകാൻ വൈകിയതിന്റെ കാരണങ്ങൾ പലതവണ മാറ്റിപ്പറഞ്ഞതിലും കോടതി സംശയം പ്രകടിപ്പിച്ചു. “പേടി”, “കുടുംബത്തിന്റെ സുരക്ഷ”, “വിവാഹപ്രതീക്ഷ” തുടങ്ങി വൈകിയതിന്റെ കാരണങ്ങൾ മാറിമാറി പറഞ്ഞത് പ്രഥമദൃഷ്ട്യാ തന്നെ ആരോപണത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
പ്രോസിക്യൂഷൻ സമർപ്പിച്ച ചാറ്റ് സന്ദേശങ്ങളിൽ ബലാത്സംഗമെന്ന് ആരോപിക്കുന്ന സംഭവത്തിന് ശേഷവും ഇരുവരും തമ്മിൽ സൗഹൃദപരമായി സംസാരിച്ചതായി വ്യക്തമാണ്. ബലാത്സംഗം നടന്നുവെന്ന് പറയുന്ന ദിവസങ്ങൾക്ക് ശേഷവും “നീ എന്നെ വിവാഹം കഴിക്കും” എന്ന പ്രതീക്ഷയോടെ പെൺകുട്ടി സന്ദേശങ്ങൾ അയച്ചതും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം ഗുരുതരമായ അതിക്രമത്തിന് ഇരയായ ഒരാൾ ഇങ്ങനെ പ്രതീക്ഷയോടെ പെരുമാറുന്നത് സ്വാഭാവികമല്ലെന്ന് കോടതി വിലയിരുത്തി. ചാറ്റുകളിൽ ചില ഭാഗങ്ങൾ മാസ്ക് ചെയ്തതിനെക്കുറിച്ചും കോടതി ആശങ്ക രേഖപ്പെടുത്തി.
ബലാത്സംഗം അതീവ ഗൗരവമുള്ള കുറ്റമാണെങ്കിലും നിലവിലുള്ള തെളിവുകളും പരാതിക്കാരിയുടെ മൊഴിയിലെ പൊരുത്തക്കേടുകളും കണക്കിലെടുത്ത് പ്രതിക്ക് അറസ്റ്റ് ഭീഷണി നിലവിൽ ഇല്ലെന്ന് കോടതി കണ്ടെത്തി. അതിനാൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചു. കേസിൽ അന്വേഷണം തുടരുമെങ്കിലും പ്രഥമദൃഷ്ട്യാ ആരോപണം സംശയാസ്പദമാണെന്നാണ് കോടതിയുടെ നിലപാട്.










