
കൊച്ചി : സമൂഹമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതിന് അറസ്റ്റിലായ ‘ആറാട്ടണ്ണന്’ ജാമ്യം. ഇയാളുടെ യഥാര്‍ത്ഥ പേര് സന്തോഷ് വര്‍ക്കി എന്നാണ്.
പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നും എന്നാല്‍ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ആറാട്ടണ്ണന് ജാമ്യം അനുവദിച്ചത്. ഇനി സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്നും സോഷ്യല്‍മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിച്ച് പ്രസ്താവന നടത്തരുതെന്നും ജസ്റ്റിസ് എന്‍.ബി.സ്‌നേഹലത താക്കീത് നല്‍കി.
നടിമാര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അശ്ലീലപരാമര്‍ശങ്ങള്‍ നടത്തുകയും നടിമാരെ അപമാനിക്കുകയും ചെയ്തു എന്നുള്ള പരാതിയിലാണ് എറണാകുളം നോര്‍ത്ത് പൊലീസ് സന്തോഷ് വര്‍ക്കിയെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു.
സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കി നടത്തിയ പരാമര്‍ശം. നടി ഉഷ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവര്‍ സന്തോഷ് വര്‍ക്കിക്കെതിരെ പൊലീസിനെ സമീപിച്ചത്.
സന്തോഷ് വര്‍ക്കി സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നിരന്തരം നടത്തുകയാണെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നോര്‍ത്ത് പൊലീസിനു പുറമെ ആലപ്പുഴ ഡിവൈഎസ്പിക്കും ഇയാള്‍ക്കെതിരെ പരാതി ലഭിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ മുന്‍പും ഇയാള്‍ നടിമാര്‍ക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.