കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ മുൻ മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കും കോടതി നോട്ടീസ്. ഇരുവരെയും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെ കെഎസ്ആർടിസി ഡ്രൈവർ യദു പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി. കേസിൽ വിശദീകരണം നൽകാനാണ് കോടതി നോട്ടീസ് അയച്ചത്. നേരത്തെ കുറ്റപത്രത്തിൽ നിന്നും ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയേയും ഒഴിവാക്കി മേയറുടെ സഹോദരൻ അരവിന്ദിനെ മാത്രമാണ് കേസിൽ പ്രതി ചേർക്കപ്പെട്ടത്. മേയറും എംഎൽഎയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നുമായിരുന്നു കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.
2024 ഏപ്രിലിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം പട്ടം പ്ലാമൂടുവെച്ച് മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്കുതർക്കമുണ്ടാവുകയായിരുന്നു. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് നൽകാത്തതാണ് തർക്കത്തിൽ കലാശിച്ചത്. മേയർക്കൊപ്പം ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും വാഹനത്തിലുണ്ടായിരുന്നു. അന്നുരാത്രിതന്നെ മേയര്‍ പോലീസിൽ പരാതി നല്‍കിയിരുന്നു. അപകടകരമായ രീതിയില്‍ ബസ് ഓടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. മേയര്‍ക്കും എംഎല്‍എ സച്ചിന്‍ദേവിനുമെതിരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതിനും കേസുണ്ട്. സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ആര്യ രാജേന്ദ്രന്റെ ഒപ്പമുള്ളവർ തന്നെ അസഭ്യം പറഞ്ഞുവെന്നായിരുന്നു ഡ്രൈവര്‍ യദുവിന്റെ ആരോപണം. മേയറാണെന്ന് അറിയാതെയാണ് ആര്യയുമായി തർക്കിച്ചത്. അവർ ഇടതുവശത്തുകൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു. സ്ഥലം ഇല്ലാത്തതുകൊണ്ടാണ് കടത്തിവിടാതിരുന്നതെന്നും പിഎംജിയിലെ വണ്‍വേയില്‍ അവർക്ക് ഓർടേക്ക് ചെയ്യാൻ സ്ഥലം നൽകാൻ സാധിക്കില്ലായിരുന്നുവെന്നുമാണ് സംഭവത്തെക്കുറിച്ച് ഡ്രൈവർ യദുവിൻ്റെ വിശദീകരണം.
Court notice issued to Arya Rajendran and Sachin Dev MLA in KSRTC driver assault case











