
ന്യൂഡല്‍ഹി : കുടുംബത്തോട് സംസാരിക്കാന്‍ അനുവദിക്കണമെന്ന മുംബൈ ഭീകരാക്രമണ കേസില്‍ അമേരിക്ക ഇന്ത്യക്ക് കൈമാറിയ പ്രതി തഹാവൂര്‍ റാണ. എന്നാല്‍ റാണയുടെ അപേക്ഷ ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളി.
വിദേശ പൗരന്‍ എന്ന നിലയില്‍ കുടുംബത്തോട് സംസാരിക്കണം എന്നത് മൗലികാവകാശമാണെന്നായിരുന്നു റാണയുടെ വാദം. എന്നാല്‍, മുംബൈ ആക്രമണത്തിന് പിന്നിലെ വലിയ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ റാണയെ ചോദ്യം ചെയ്യുന്ന ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുപോകാന്‍ സാധ്യതയുണ്ടെന്ന് കോടതിയില്‍ വാദിച്ചു. ഇത് കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം.
നീണ്ട നിയമപോരാട്ടത്തിന് ശേഷം റാണയെ യുഎസിൽ നിന്ന് നാടുകടത്തുകയും ഏപ്രിൽ 11 ന് 18 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിടുകയും ചെയ്തു. ന്യൂഡല്‍ഹിയിലെ സിജിഒ സമുച്ചയത്തിലെ എന്‍ഐഎയുടെ ഹെഡ് ഓഫീസിലെ അതീവ സുരക്ഷയുള്ള ജയിലിലാണ് റാണയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഡല്‍ഹി ലീഗല്‍ സര്‍വീസസ് അതോറിറ്റി (ഡിഎല്‍എസ്എ) നല്‍കിയ ഒരു അഭിഭാഷകനെ കാണാനും ഓരോ 48 മണിക്കൂറിലും വൈദ്യപരിശോധനയ്ക്ക് വിധേയനാകാനും റാണയെ അനുവാദിച്ചിട്ടുണ്ട്. പ്രതിക്ക് ഖുറാന്‍, പേന, പേപ്പര്‍ എന്നിവ അഭ്യര്‍ത്ഥന പ്രകാരം നല്‍കിയിട്ടുണ്ട്, പ്രത്യേക പരിഗണനയില്ലാതെ മറ്റ് പ്രതികളെപ്പോലെയാണ് റാണയേയും പരിഗണിക്കുന്നത്.