
2015-ൽ ഉത്തർപ്രദേശിലെ ദാദ്രി ബിസാഡ ഗ്രാമത്തിൽ പശുവധൂത പ്രചാരണത്തെ തുടർന്ന് മുഹമ്മദ് അഖ്‌ലാഖിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഉത്തർപ്രദേശ് സർക്കാരിന് വൻ തിരിച്ചടി. പ്രതികൾക്കെതിരായ കുറ്റങ്ങൾ പിൻവലിക്കാനുള്ള സർക്കാർ അപേക്ഷ ഗ്രേറ്റർ നോയിഡയിലെ സൂരജ്പുർ കോടതി തള്ളി. ഹർജിക്ക് നിയമപരമായ അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേസ് വേഗത്തിലാക്കി ദിവസേന വാദം കേട്ട് വിചാരണ പൂർത്തിയാക്കാനും നിർദ്ദേശിച്ചു. തെളിവുകൾക്ക് സംരക്ഷണം ഉറപ്പാക്കാനും സാക്ഷികൾക്ക് ആവശ്യമെങ്കിൽ പൊലീസ് സുരക്ഷ നൽകാനും കോടതി ഉത്തരവിട്ടു.
2015 സെപ്റ്റംബർ 28-ന് ക്ഷേത്രത്തിലൂടെ മൈക്ക് പ്രഖ്യാപനത്തെ തുടർന്ന് പശുവിനെ കൊന്ന് ഇറച്ചി സൂക്ഷിച്ചുവെന്ന ആരോപണത്തിൽ അഖ്‌ലാഖിനെയും മകൻ ഡാനിഷിനെയും ആൾക്കൂട്ടം വീട്ടിൽനിന്ന് വലിച്ചിഴച്ച് മർദ്ദിച്ചു. അഖ്‌ലാഖ് കൊല്ലപ്പെടുകയും ഡാനിഷ് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പിന്നീട് ഫ്രിഡ്ജിലെ ഇറച്ചി ആട്ടിറച്ചിയാണെന്ന് ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. പ്രാദേശിക ബിജെപി നേതാവിന്റെ മകൻ വിശാൽ റാണ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകളിൽ കേസെടുത്തിരുന്നു.
പത്ത് വർഷത്തിനിപ്പുറം സർക്കാർ കേസ് പിൻവലിക്കാൻ ശ്രമിച്ചത് വിവാദമായി. ഇക്കഴിഞ്ഞ നവംബറിൽ നൽകിയ അപേക്ഷയിൽ സാക്ഷി മൊഴികളിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ നീക്കം. എന്നാൽ കോടതി ഇത് അടിസ്ഥാനരഹിതമെന്ന് വിലയിരുത്തി തള്ളി. രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾക്ക് തുടക്കമിട്ട സംഭവമായി ദാദ്രി കേസ് അറിയപ്പെടുന്നു. ഇപ്പോഴത്തെ ഉത്തരവ് ഇരയുടെ കുടുംബത്തിന് വലിയ ആശ്വാസമായി.














