‘പൊലീസിനെ ഭരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമെന്നതിന് തെളിവ്’, എഡിജിപി അജിത് കുമാറിന്‍റെ ക്ലീൻ ചിറ്റിലെ കോടതി പരാമർശം ചൂണ്ടിക്കാട്ടി സതീശൻ

കൊച്ചി: അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ റിപ്പോര്‍ട്ടില്‍ കോടതി നടത്തിയ പരാമര്‍ശം പൊലീസിനെ ഭരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നത്; ഇഷ്ടക്കാര്‍ക്ക് എന്തും ചെയ്തു കൊടുക്കുന്ന അദൃശ്യശക്തി സര്‍ക്കാരിന്റെ മറവില്‍ ഒളിച്ചിരിപ്പുണ്ട്; തകരാത്ത പാലാരിവട്ടം പാലത്തിന്റെ പേരില്‍ ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുത്തവര്‍ എന്തുകൊണ്ടാണ് ഇപ്പോഴത്തെ മന്ത്രിക്കെതിരെ കേസെടുക്കാത്തത്? തദ്ദേശ-നിയമസഭ വോട്ടര്‍ പട്ടികകള്‍ യു.ഡി.എഫ് പ്രത്യേകമായി പരിശോധിക്കും; എസ്.എന്‍.ഡി.പിയുമായോ വെള്ളാപ്പള്ളിയുമായോ ഒരു വഴക്കുമില്ല, ചതയദിന പരിപാടികളില്‍ പങ്കെടുക്കും

പ്രതിപക്ഷ നേതാവ് ഇടപ്പള്ളിയില്‍ മാധ്യമങ്ങളോട് പറഞ്ഞത് (15/08/2025)

കൊച്ചി: പൊലീസിനെ ഭരിക്കുന്നത് മുഖ്യമന്ത്രിയല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് എം.ആര്‍ അജിത്കുമാറിന് എതിരായ വിജിലന്‍സ് കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്ലീന്‍ചിറ്റ് നല്‍കാനുള്ള തീരുമാനമെടുത്തത് ഏത് ആദൃശ്യ ശക്തിയാണെന്നാണ് കോടതി ചോദിച്ചത്. പ്രതിപക്ഷം പറയുന്നതു പോലെ ഉപജാപകസംഘമെന്ന് പറയാന്‍ സാധിക്കാത്തതു കൊണ്ടാണ് കോടതിക്ക് അദൃശ്യശക്തിയെന്ന് പറഞ്ഞത്. സര്‍ക്കാരിനെയും പൊലീസിനെയും നിയന്ത്രിക്കുന്ന, ഇഷ്ടക്കാര്‍ക്ക് വേണ്ടി എന്തും ചെയ്തു കൊടുക്കുന്ന അദൃശ്യശക്തി സര്‍ക്കാരിന്റെ മറവില്‍ ഒളിച്ചിരിപ്പുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് വായിച്ചു നോക്കിയാല്‍ ആരെയോ രക്ഷിക്കാനുള്ള ശ്രമമാണെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസിലാകും. ഇതിന് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകു എന്നും സതീശൻ ആവശ്യപ്പെട്ടു.

മൗനത്തിന്റെ വാല്‍മീകത്തില്‍ ഒളിക്കരുത്. മുഖ്യമന്ത്രിക്കും പൊലീസ് ഭരണത്തിനും നേരെ ഗുരുതര ആരോപണമാണ് കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. അജിത് കുമാറാണ് മുഖ്യമന്ത്രിക്ക് വേണ്ടി ആര്‍.എസ്.എസ് നേതാവിനെ കണ്ടത്. സര്‍ക്കാരിന് വേണ്ടി വഴിവിട്ട നിരവധി കാര്യങ്ങളാണ് ഈ ഉദ്യോഗസ്ഥന്‍ ചെയ്തത്. ആര്‍.എസ്.എസ് നേതാവിനെ കണ്ടെന്ന പ്രതിപക്ഷ ആരോപണം ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് എല്ലാവരും സമ്മതിച്ചു. എല്ലാത്തിനും കൂട്ടുനിന്ന ഉദ്യോഗസ്ഥനെയാണ് മുഖ്യമന്ത്രി വഴിവിട്ട് സഹായിച്ചത്. സ്വജനപക്ഷപാതമാണ് നടക്കുന്നത്. നീതി നടപ്പാകുന്നില്ലെന്നതിന്റെ ഉദാഹരണമാണ് കോടതി വിധി. വേണ്ടാത്ത പണി ചെയ്തിരുന്ന ആളെ സഹായിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു. എതാണ് ആ അദൃശ്യ ശക്തി? മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതും അതേ ഉപജാപകസംഘമാണെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയിൽ പറഞ്ഞു.

പാലാരിവട്ടം പാലത്തില്‍ എന്‍ജിനീയറിങ് പിഴവുണ്ടെന്ന റിപ്പോര്‍ട്ട് വന്നപ്പോഴാണ് പഞ്ചവടിപ്പാലമാണെന്നും അഴിമതിയാണെന്നും പറഞ്ഞ് അന്നത്തെ മന്ത്രിയെ കേസില്‍പ്പെടുത്തി ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത്. ഇപ്പോള്‍ ഓരോ മാസവും ഓരോ പാലം വീഴുകയാണ്. എന്നാല്‍ പാലാരിവട്ടം പാലം തകര്‍ന്നു വീണിട്ടില്ല. 24 കോടി രൂപയുടെ പാലമാണ് ഇപ്പോള്‍ പുഴയില്‍ വീണത്. ഒരു ദിവസം പൊതുമരാമത്ത് വകുപ്പിന്റെ പാലം തകര്‍ന്നു വീണാല്‍ മൂന്നു ദിവസം അടുപ്പിച്ച് ദേശീയപാത തകര്‍ന്നു വീണുകൊണ്ടിരിക്കും. ഇക്കാര്യത്തില്‍ ഇവര്‍ തമ്മില്‍ മത്സരമാണ്. എന്നിട്ടും കേരള സര്‍ക്കാരിന് ദേശീയപാത അതോറിട്ടിക്കോ ഉപരിതല ഗതാഗത വകുപ്പിനോ എതിരെ പരാതിയില്ല. ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുത്തവര്‍ എന്തുകൊണ്ടാണ് ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിക്കെതിരെ കേസെടുക്കാത്തത്. എന്‍ജിനീയറിങ് പിഴവിന് മന്ത്രിയല്ല ഉത്തരവാദിയെങ്കില്‍ നിങ്ങള്‍ എന്തിനാണ് ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുത്തത്. കോടതി ഇടപെട്ടില്ലെങ്കില്‍ അദ്ദേഹം ജയിലില്‍ കിടന്നേനെ. ഇപ്പോള്‍ പാലങ്ങള്‍ തകര്‍ന്നു വീണ് ആളുകള്‍ മരിക്കുകയാണ്. ഈ സര്‍ക്കാരിനോട് കാലം മുഖത്തു നോക്കി കണക്ക് ചോദിക്കും. അതാണ് ഇപ്പോള്‍ കാണുന്നതെന്നും സതീശൻ അഭിപ്രായപ്പെട്ടു.

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് ബി.ജെ.പിയിലെ ഒരാള്‍ പോലും മിണ്ടിയിട്ടില്ല. ഗുരുതര ആരോപണം ഉണ്ടായിട്ടും പ്രധാനമന്ത്രി പോലും മിണ്ടിയിട്ടില്ല.ഏകാധിപതികളായ ഭരണാധികാരികള്‍ കൃത്രിമം നടത്തി ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ചതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്ത്യയിലുണ്ടായത്. തെളിവുകള്‍ സഹിതമാണ് ആരോപണം ഉന്നയിച്ചത്. തൃശൂരിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ചും നിരവധി ആരോപണങ്ങളുണ്ട്. ഒന്നിനും മറുപടിയില്ല. ആരോപണം ഉന്നയിച്ചവര്‍ തൂങ്ങിച്ചാകണമെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്ലാ വോട്ടുകളും ചേര്‍ക്കാന്‍ സാധിച്ചിട്ടില്ല. പിന്നെയാണ് കള്ളവോട്ട് ചേര്‍ക്കുന്നത്. തദ്ദേശ വോട്ടര്‍പട്ടികയില്‍ ഒരു കാലത്തും ഉണ്ടാകാത്ത തരത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ വോട്ട് ചേര്‍ത്തിട്ടുണ്ട്. തദ്ദേശ നിയമസഭ വോട്ടര്‍ പട്ടിക പുറത്ത് വരുമ്പോള്‍ അത് പ്രത്യേകമായി പരിശോധിക്കും. എല്ലാ തിരഞ്ഞെടുപ്പുകളിലും മുന്നൊരുക്കത്തിനും വോട്ടര്‍പട്ടിക ശുദ്ധീകരണത്തിനുമാണ് യു.ഡി.എഫ് പ്രമുഖ്യം നല്‍കുന്നത്. പാലക്കാടും കള്ളവോട്ട് ചേര്‍ക്കാന്‍ ശ്രമമുണ്ടായി. തൃശൂര്‍ ജില്ലയില്‍ 2021 ലോ 24 ലോ സംഭവിച്ചതൊന്നും വരുന്ന തിരഞ്ഞെടുപ്പിലുണ്ടാകില്ല. യു.ഡി.എഫിന്റെ സംസ്ഥാനത്തെ ഉജ്ജ്വലമായ ഒരു തിരിച്ചുവരവിന്റെ പ്രതിഫലനം നിയമസഭ തിരഞ്ഞെടുപ്പില്‍ തൃശൂരിലുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

ചതയദിനാഘോഷവുമായി ബന്ധപ്പെട്ട് എറണാകുളത്തെ രണ്ട് എസ്.എന്‍.ഡി.പി താലൂക്ക് യൂണിയനുകള്‍ എന്നെ ക്ഷണിച്ചിട്ടുണ്ട്. അതില്‍ പങ്കെടുക്കും. എസ്.എന്‍.ഡി.പി യോഗവുമായോ വെള്ളാപ്പള്ളിയുമായോ ഒരു വഴക്കുമില്ല. പക്ഷെ അദ്ദേഹം പറഞ്ഞ കാര്യത്തിലുള്ള അഭിപ്രായവ്യത്യാസം മാത്രമാണ് ഞാന്‍ പറഞ്ഞത്. വെള്ളാപ്പള്ളിയുടെ അനുവാദമില്ലാതെ എസ്.എന്‍.ഡി.പി താലൂക്ക് യൂണിയനുകള്‍ എന്നെ വിളിക്കുമെന്ന് കരുതുന്നില്ല. ഞാന്‍ വനവാസത്തിന് പോകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ആ വെല്ലുവിളി ഞാന്‍ സ്വീകരിച്ചു. അല്ലാതെ ഞങ്ങള്‍ തമ്മില്‍ ഒരു വഴക്കുമില്ല. എസി.എന്‍.ഡി.പി യോഗത്തിന്റെ എല്ലാ പരിപാടികള്‍ക്കും എല്ലാ വര്‍ഷവും പങ്കെടുക്കാറുണ്ട്. തൃപ്പൂണിത്തുറയിലും ചെമ്പഴന്തിയിലും പറവൂരും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുമെന്നും സതീശൻ വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide