പിഎം ശ്രീയിൽ സർക്കാരിന് പ്രതിസന്ധിയേറുന്നു, സംസ്ഥാന നേതൃത്വത്തെ പിന്തുണച്ച് സിപിഐ ദേശീയ നേതൃത്വവും; വിട്ടുവീഴ്ചയില്ലെന്ന് ജനറൽ സെക്രട്ടറി ഡി രാജ

ആലപ്പുഴ: ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) വിദ്യാഭ്യാസ മേഖലയ്ക്ക് ആപത്താണെന്നും അതിനോട് യോജിക്കാനാവില്ലെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ വ്യക്തമാക്കി. എൻഇപി ബിജെപി സർക്കാരിന്റെ പിന്തിരിപ്പൻ നയമാണെന്നും, ഇത് വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കാനും കേന്ദ്രീയവത്കരിക്കാനും വർഗീയവത്കരിക്കാനും ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പി എം ശ്രീ പദ്ധതിയിൽ കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടതിലെ സി പി ഐ പ്രതിഷേധം പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവർത്തിച്ചതായും ഡി. രാജ അറിയിച്ചു.

പിഎംശ്രീ ധാരണാപത്രം ഒപ്പിട്ടതിനെക്കുറിച്ചും എൻഇപിയുമായി ബന്ധപ്പെട്ട വിഷയങ്ങളും സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായി. ഈ ധാരണാപത്രം മരവിപ്പിക്കുകയോ പിൻവലിക്കുകയോ ചെയ്യണമെന്നാണ് പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിഷയമാണെന്നും എൻഇപിയിലൂടെ കേന്ദ്ര സർക്കാർ അതിനെ കേന്ദ്രീയവത്കരിക്കാൻ ശ്രമിക്കുകയാണെന്നും ഡി. രാജ കുറ്റപ്പെടുത്തി. ഈ നയത്തിനെതിരെ തുടക്കം മുതൽ സിപിഐ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള സമ്മർദത്തിനും വഴങ്ങില്ലെന്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും ഡി. രാജ ഊന്നിപ്പറഞ്ഞു. പാർട്ടിയുടെ നിലപാട് മുഖ്യമന്ത്രിയെ ബിനോയ് വിശ്വം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിനായി ശക്തമായ നിലപാട് സ്വീകരിക്കുമെന്നും സിപിഐ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ കൂടിക്കാഴ്ചയിലും പിഎം ശ്രീ വിവാദത്തിൽ അനുനയമുണ്ടായില്ല. വിഷയത്തിലെ തങ്ങളുടെ എതിർപ്പ് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിലും സി പി ഐ കടുപ്പിച്ചു. മുഖ്യമന്ത്രി നേരിട്ട് നടത്തിയ അനുനയ നീക്കവും പാളിയതോടെ സി പി ഐ കൂടുതൽ കടുത്ത നിലപാടിലേക്ക് കടക്കുകയാണ്. ആലപ്പുഴയിൽ നടന്ന ചർച്ചയ്ക്കു ശേഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സിപിഐ, മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. മറ്റന്നാൾ നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

More Stories from this section

family-dental
witywide