
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. സിപിഎം പാർട്ടിയെയും മുൻ ജില്ലാസെക്രട്ടറിമാരെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. 180 കോടിയുടെ കളളപ്പണ ഇടപാടാണ് നടന്നതെന്നും കെ രാധാകൃഷ്ണൻ, എ സി മൊയ്തീൻ, എം എം വർഗീസ് തുടങ്ങിയ മുൻ ജില്ലാ സെക്രട്ടറിമാർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നും കുറ്റപത്രത്തിലുണ്ട്. ബാങ്കിലെ അഴിമതിപ്പണത്തിന്‍റെ വിഹിതം പാർട്ടി കണക്കുപറഞ്ഞ് വാങ്ങിയെന്നും അതുപയോഗിച്ച് സ്വത്തുക്കൾ സമ്പാദിച്ചെന്നും റിപ്പോർട്ടിലുണ്ട്. പ്രതികളില്‍ നിന്ന് 128 കോടി രൂപ കണ്ടുകെട്ടിയതായും കുറ്റപത്രത്തില്‍ പറയുന്നു. കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ നിര്‍മ്മല്‍ കുമാര്‍ മോഷ കുറ്റപത്രം സമര്‍പ്പിച്ചത്.
കേസില്‍ 83പേരാണ് പ്രതികള്‍. അന്തിമ കുറ്റപത്രത്തില്‍ പുതുതായി 27 പ്രതികള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. കുറ്റപത്രത്തിലെ 68-ാം പ്രതിയാണ് സിപിഎം. കെ രാധാകൃഷ്ണന്‍ 70-ാം പ്രതിയും എസി മൊയ്തീന്‍ 67-ാം പ്രതിയും എംഎം വര്‍ഗീസ് 69-ാം പ്രതിയുമാണ്. മധു അമ്പലപുരം 64-ാം പ്രതിയുമാണ്. നേതാക്കള്‍ക്കൊപ്പം പാര്‍ട്ടിയെ തന്നെ പ്രതിപട്ടികയിലുള്ളത് സിപിഎമ്മില്‍ ആശങ്ക ആക്കുന്നതാണ്.
2011 മുതൽ 2021 വരെയുളള കാലഘട്ടത്തിൽ തൃശൂരിലെ കരുവന്നൂർ സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് നടന്ന കളളപ്പണ ഇടപാടാണ്പരിശോധിച്ചത്. ബാങ്കിനെ ഭരണസമിതിയെ നിയന്ത്രിച്ചിരുന്നത് സിപിഎം ജില്ലാ നേതൃത്വമാണ്. ഇവരുടെ അറിവോടും ആശീർവാദത്തോടും കൂടിയാണ് ബാങ്കിലെ കോടികളുടെ ലോൺ തട്ടിപ്പ് നടന്നത്. ഈ കളളപ്പണ ഇടപാടിന്‍റെ വിഹിതം പാർട്ടിയും കൈപ്പറ്റിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നു. ലഭിച്ച കളളപ്പണം ഈ അക്കൗണ്ടുകളിലൂടെയാണ് വന്നതും പോയതും. സിപിഎം ജില്ലാ സെക്രട്ടറിമാരായിരുന്ന കെ രാധാകൃഷ്ണൻ എം പി , എ സി മൊയ്ദീൻ, എം എം വർഗീസ് എന്നിവർക്ക് ഇക്കാര്യത്തിൽ അറിവും പങ്കാളിത്തവുമുണ്ടായിരുന്നുവെന്നും ഇഡി ചൂണ്ടികാട്ടിയിട്ടുണ്ട്.
അതേസമയം കരുവന്നൂർ കേസിലെ ഇഡി കുറ്റപത്രം ബോധപൂർവമായ രാഷ്ട്രീയ ഗുഢാലോചനയെന്നാണ് സിപിഎമ്മിന്‍റെ പ്രതികരണം. ഈ ഗൂഢാലോചന സി പി എം ചെറുത്തുതോൽപ്പിക്കുമെന്നും നിലമ്പൂർ തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കില്ലെന്നും സംസ്ഥാന സെക്രട്ടറ എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് പ്രതി ചേർക്കപ്പെട്ട എസി മൊയ്തീനും കെ രാധാകൃഷ്ണനും പ്രതികരിച്ചു.