‘വോട്ട് കൊള്ള’ ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം, സ്ഫോടനാത്മകമെന്ന് ബേബി; തൃണമൂലും ആം ആദ്മിയും കൈകോർക്കും, ഇന്ത്യാ സഖ്യം വീണ്ടും ആവേശത്തിൽ

ഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പരസ്യ യുദ്ധം കുറിച്ച രാഹുൽ ഗാന്ധിയുടെ ‘വോട്ട് കൊള്ള’ ആരോപണത്തിന് പിന്തുണയേറുന്നു. കർണാടകയിലെ ഒരു ലോക്സഭ സീറ്റിലെ വോട്ടർ പട്ടിക ക്രമക്കേട് ചൂണ്ടിക്കാട്ടിക്കൊണ്ട് തുടങ്ങിയ രാഹുലിന്‍റെ പോരാട്ടം ദേശീയ തലത്തിൽ വലിയ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് ഈ വിഷയത്തിൽ സഖ്യകക്ഷികളുടെ പിന്തുണയേറുകയാണ്. രാഹുൽ ഗാന്ധി ഉന്നയിക്കുന്ന വിഷയങ്ങൾ സ്ഫോടനാത്മകമാണെന്ന് ചൂണ്ടിക്കാട്ടി സി പി എം ജനറൽ സെക്രട്ടറി എം എ ബേബി പിന്തുണ പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിന്‍റെ ഇഷ്ടക്കാരെ നിറച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്രം നിയന്ത്രിക്കുകയാണെന്നും സി പി എം ആരോപിച്ചു.

തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങി കോൺഗ്രസുമായി നേരത്തെ തെറ്റി നിന്ന പാർട്ടികളുടെയടക്കം പിന്തുണ ‘വോട്ട് കൊള്ള’ ആരോപണത്തിൽ രാഹുലിന് ലഭിക്കുന്നുണ്ട്. തകർന്നുപോകുന്നുവെന്ന തോന്നലിലേക്ക് വീണ ഇന്ത്യ സഖ്യവും ഇതോടെ ഉയിർത്തെഴുന്നേൽക്കുകയാണ്. വോട്ടർപട്ടികയിലെ ക്രമക്കേടിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നാളെ വമ്പൻ പ്രതിഷേധത്തിനാണ് ഇന്ത്യാസഖ്യം ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റിൽ നിന്നും 11.30ന് ആരംഭിക്കുന്ന മാർച്ചിൽ 300 എംപിമാർ പങ്കാളികളാകുമെന്നാണ് ഇന്ത്യ സഖ്യം അറിയിച്ചിട്ടുള്ളത്. നാളെ പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇന്ത്യ സഖ്യ എം പിമാർക്ക് അത്താഴ വിരുന്നും നൽകുന്നുണ്ട്.

ഇതിന് ശേഷം ഈ മാസം പതിനാറ് മുതൽ രാഹുലും തേജസ്വി യാദവും ചേർന്ന് ബീഹാറിലെ നൂറ് നിയമസഭ സീറ്റുകളിലേക്കുള്ള യാത്രയ്ക്ക് തുടക്കം കുറിക്കും. സെപ്തംബർ ഒന്നിന് പാറ്റ്നയിൽ നടക്കുന്ന മഹാറാലിയിൽ തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും അടക്കമുള്ള കക്ഷികൾ പങ്ക് ചേരാനാണ് സാധ്യത. ഈ മഹാറാലി പ്രതിപക്ഷ പാർട്ടികളുടെ ഐക്യപ്രഖ്യാപനമാകും. രാഹുൽ ഗാന്ധി സത്യവാങ്മൂലം നൽകണം എന്നാവശ്യപ്പെടുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ട് സ്വമേധയാ കേസെടുക്കുന്നില്ലെന്ന ചോദ്യമാണ് കോൺഗ്രസ് ഉയർത്തുന്നത്. രാഹുൽ ഗാന്ധി ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി തേടിയുള്ള പ്രക്ഷോഭം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം.

More Stories from this section

family-dental
witywide