രണ്ട് ഡസൻ പോലീസിന്‍റെ അകമ്പടിയിൽ ജീവിച്ചയാൾ തിരുവനന്തപുരത്ത് ‘ഒരു പട്ടി ചത്താൽ കുഴിച്ചിടാൻ വരുമോ’! ശ്രീലേഖയോട് ചോദ്യവുമായി സിപിഎം ജില്ലാ സെക്രട്ടറി

തിരുവനന്തപുരം: മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി സ്ഥാനാർഥിയുമായ ആർ. ശ്രീലേഖയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ്. രണ്ട് ഡസൻ പോലീസ് അകമ്പടിയോടെ ജീവിച്ച വ്യക്തി തിരുവനന്തപുരത്ത് ഒറു പട്ടി ചത്താൽ കുഴിച്ചിടാൻ വരുമോ എന്ന ചോദ്യമടക്കമാണ് ശ്രീലേഖക്കെതിരെ ജോയ് ഉയർത്തിയത്. ശ്രീലേഖയുടെ ജനകീയതയെ ചോദ്യം ചെയ്ത അദ്ദേഹം, സാധാരണക്കാരോടൊപ്പം നിൽക്കുന്നവരെയാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി. എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിലാണ് ജോയിയുടെ പരിഹാസം.

കഴിഞ്ഞകാലത്ത് മുൻപിലും പിറകിലും എസ്കോർട്ട് വാഹനങ്ങളും പൈലറ്റുമായി സഞ്ചരിച്ചവർ ഒരു സുപ്രഭാതത്തിൽ ജനസേവനത്തിനിറങ്ങുമ്പോൾ ജനങ്ങൾക്കത് മനസിലാകുമെന്ന് ജോയ് പറഞ്ഞു. ജനങ്ങളുടെ സുഖദുഃഖങ്ങളിൽ പങ്കുചേരുന്നവരാണ് യഥാർഥ ജനപ്രതിനിധികളെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. തിരുവനന്തപുരം നഗരം ബിജെപിയുടെ കൈകളിലേക്ക് പോകാതിരിക്കാൻ അതീവ ശ്രദ്ധ പുലർത്തുന്നുവെന്നും ജോയ് വ്യക്തമാക്കി.

ശ്രീലേഖയെ ലക്ഷ്യമിട്ടുള്ള ഈ പ്രസ്താവന തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ചൂട് കൂട്ടുന്നു. എൽഡിഎഫിന്റെ തന്ത്രമെന്ന നിലയിൽ ബിജെപി സ്ഥാനാർഥിയുടെ പശ്ചാത്തലത്തെ ഉയർത്തിക്കാട്ടിയുള്ള ജോയിയുടെ നീക്കം ചർച്ചയാകുന്നു.