
അമ്പലപ്പുഴ: സിപിഎം മുതിർന്ന നേതാവ് ജി. സുധാകരനെതിരായ സൈബർ ആക്രമണങ്ങളും ആഭ്യന്തര വിവാദങ്ങളും തണുപ്പിക്കാൻ പാർട്ടി അനുനയ നീക്കം ആരംഭിച്ചു. കെപിസിസി വേദിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെ സുധാകരൻ സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു. ഇതിന് പിന്നിൽ മന്ത്രി സജി ചെറിയാനാണെന്ന് സുധാകരൻ തുറന്നടിച്ചതോടെ പാർട്ടിക്കുള്ളിൽ കൊടുങ്കാറ്റ് രൂപപ്പെട്ടു. ആലപ്പുഴ ജില്ലാ നേതൃത്വവുമായി നിരന്തരം ഭിന്നതയുണ്ടായിരുന്ന സുധാകരൻ, എച്ച്_സലാം, സജി ചെറിയാൻ എന്നിവരെ പേരെടുത്ത് വിമർശിച്ചത് ആദ്യമായിരുന്നു. ജില്ലാ സെക്രട്ടറി ആർ. നാസറും സലാമും ഇതിനെതിരെ രംഗത്തെത്തിയെങ്കിലും, തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ സുധാകരനെ പിണക്കുന്നത് ദോഷകരമാണെന്ന സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തലാണ് അനുനയത്തിന് വഴിവെച്ചത്.
പാർട്ടി നേതാക്കൾക്ക് സുധാകരനെതിരെ പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്ന് കർശന നിർദേശം നൽകി. സിപിഎം വേദികളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പാക്കാനും തീരുമാനമായി. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത, ജില്ലാ സെക്രട്ടറി ആർ. നാസർ, സെക്രട്ടേറിയറ്റ് അംഗം ജി. സത്യപാലൻ എന്നിവർ സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. സൈബർ ആക്രമണങ്ങളിൽ പാർട്ടി സ്വീകരിച്ച നടപടികൾ വിശദീകരിച്ചു, എങ്കിലും ശക്തമായ ഇടപെടലുകൾ ഇല്ലാത്തതിൽ സുധാകരൻ അതൃപ്തി പ്രകടിപ്പിച്ചു. ഏറെക്കാലമായി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന അദ്ദേഹത്തെ ഒപ്പം നിർത്താനുള്ള ശ്രമമാണ് ഇത്.
ഞായറാഴ്ച കുട്ടനാട്ടിൽ നടക്കുന്ന സിപിഎം പൊതു പരിപാടിയിലേക്ക് സുധാകരനെ ക്ഷണിച്ചു. അദ്ദേഹം പങ്കെടുക്കാൻ സമ്മതം മൂളിയതോടെ വിവാദങ്ങൾക്ക് താത്കാലിക പരിഹാരമായി. സജി ചെറിയാൻ, എം.വി. ഗോവിന്ദൻ എന്നിവരോടൊപ്പം സുധാകരൻ വേദി പങ്കിടുമെന്നതും പാർട്ടി ഐക്യത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.