
പാലക്കാട്: യുഡിഎഫ് നേതാവ് ഷാഫി പറമ്പിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായുള്ള വിവാദങ്ങൾക്കിടെ, ഷാഫിയും രാഹുലും കൂട്ടുകച്ചവടത്തിലാണെന്നും ഷാഫി രാഹുലിന്റെ ‘ഹെഡ് മാഷ്’ ആണെന്നും സുരേഷ് ബാബു ആരോപിച്ചു. സ്ത്രീകളെ കണ്ടാൽ ബെംഗളൂരുവിലേക്ക് ക്ഷണിക്കുന്ന ശീലമാണ് ഷാഫിക്കുള്ളതെന്നും, ഇത്തരം ആരോപണങ്ങൾ കൂടുതൽ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതൃത്വം ലൈംഗിക അതിക്രമക്കേസുകളിൽ നടപടി എടുക്കുന്നില്ലെന്നും സിപിഎം വിമർശിച്ചു. രാഹുലിനെ പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടിലേക്ക് കൊണ്ടുവന്നത് ഷാഫിയാണെന്നും, ഇരുവരും ഈ വിഷയത്തിൽ ഒത്തുകളിക്കുന്നുവെന്നും സുരേഷ് ബാബു ആരോപിച്ചു. ‘കയറി കയറി മുറത്തിൽ കയറി കൊത്തി’ എന്ന രീതിയിലുള്ള ഇടപെടലുകളാണ് കോൺഗ്രസ് നടത്തുന്നതെന്നും, ഇത്തരം ആളുകൾക്കെതിരെ ഒരു വാക്ക് പോലും പറയാൻ തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, സിപിഎം നേതാവിന്റെ പ്രസ്താവന ആരോപണമല്ലെന്നും അധിക്ഷേപമാണെന്നും വിശേഷിപ്പിച്ച് ഷാഫി പറമ്പിൽ തിരിച്ചടിച്ചു. ഇത്തരം വ്യക്തിഹത്യയാണ് സിപിഎമ്മിന്റെ 2026 തിരഞ്ഞെടുപ്പ് തന്ത്രമോയെന്ന് ചോദിച്ച അദ്ദേഹം, സിപിഎം സംസ്ഥാന സെക്രട്ടറി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു. വർഗീയവാദിയാക്കാൻ ശ്രമിച്ചത് പരാജയപ്പെട്ടതിന് ശേഷമാണ് പുതിയ ആരോപണങ്ങൾ ഉയർത്തുന്നതെന്നും, നിയമനടപടി ആലോചിക്കുമെന്നും ഷാഫി പറഞ്ഞു.