
ഡൽഹി: തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികളുടെ പശ്ചാത്തലത്തിൽ ഇന്ത്യ (INDIA) സഖ്യത്തിൽ തുടരുന്നതിനെക്കുറിച്ച് സി.പി.എം ഗൗരവകരമായ പുനരാലോചനയിലേക്ക്. ഡൽഹിയിൽ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് സഖ്യത്തിന്റെ ഭാവി സംബന്ധിച്ച നിർണായക ചർച്ചകൾ നടന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യം പരാജയമാണെന്നും ഇതിൽ ഇനിയും തുടരുന്നതിൽ അർത്ഥമില്ലെന്നുമാണ് യോഗത്തിൽ ഉയർന്ന പൊതുവികാരം.
അടുത്ത മാസം തിരുവനന്തപുരത്ത് ചേരുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്യും. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ ദേശീയതലത്തിൽ കോൺഗ്രസിനൊപ്പം നിൽക്കുന്നത് രാഷ്ട്രീയമായി ഗുണകരമാണോ എന്ന കാര്യത്തിലാണ് പാർട്ടിയിൽ സംശയം ബലപ്പെടുന്നത്. സഖ്യത്തിന്റെ പ്രവർത്തനരീതിയിലും ഏകോപനത്തിലുമുള്ള പോരായ്മകൾ തിരുത്താൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്ന വിമർശനവും പി.ബിയിൽ ഉയർന്നു.
അതേസമയം, കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രാഥമികമായ വിലയിരുത്തൽ മാത്രമാണ് ഇന്നത്തെ യോഗത്തിൽ ഉണ്ടായത്. ഫലത്തെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നില്ലെങ്കിലും, കേരള ഘടകം തോൽവിയെക്കുറിച്ച് സത്യസന്ധമായ പരിശോധന നടത്തുമെന്ന് ദേശീയ നേതൃത്വം പ്രത്യാശ പ്രകടിപ്പിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിക്ക് പുതിയ ദിശാബോധം നൽകുന്ന തീരുമാനങ്ങൾ കേന്ദ്ര കമ്മിറ്റിയിൽ ഉണ്ടായേക്കും.














