നിലമ്പൂരിൽ പന്നി കെണിയിൽ കുടുങ്ങി വിദ്യാർഥി മരിച്ച സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചന സംശയിച്ച് സിപിഎം സെക്രട്ടറിയും വനം മന്ത്രിയും രംഗത്ത്, അനന്തുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

മലപ്പുറം: നിലമ്പൂരിൽ കാട്ടുപന്നിക്കായി ഒരുക്കിയ കെണിയില്‍ നിന്ന് ഷോക്കടിച്ച് മരിച്ച പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തുവിന് കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്. വഴിക്കടവ് വള്ളക്കൊടി ഗ്രാമത്തിലെ അനന്തുവിന്റെ വീട്ടിലേക്ക് നൂറുകണക്കിന് പേരാണ് ഒഴുകിയെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അനന്തു പഠിച്ചിരുന്ന മണിമൂളി ക്രൈസ്റ്റ് കിംഗ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കാണ് മൃതദേഹം ആദ്യം കൊണ്ടുപോയത്. അധ്യാപകരുടെയും സുഹൃത്തുക്കളുടെയും കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി ഏറ്റുവാങ്ങി. തുടര്‍ന്നു വീട്ടിലെത്തിച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധിപേര്‍ എത്തിയിരുന്നു. ഒടുവിൽ വഴിക്കടവ് പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്കരിച്ചു.

അതേസമയം സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചന സംശയിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വനം മന്ത്രി എ കെ ശശീന്ദ്രനും രംഗത്തെത്തി. വഴിക്കടവിലെ അപകടത്തില്‍ രാഷ്ട്രീയ ഗൂഢാലോചന പരിശോധിണമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടത്. ആസൂത്രിതമായി ഒരു പ്രദേശത്ത് നടന്നുവന്ന നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്. സംഭവം നടന്ന ഉടന്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. പിന്നില്‍ ഗൂഢാലോചന സംഘമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെണിവച്ചതിന് പോലീസ് പിടികൂടിയ ആള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. കൂടാതെ സംഭവം നടന്ന വാര്‍ഡ് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വാര്‍ഡാണ്. ഇദ്ദേഹം ആര്യാടന്‍ ഷൗക്കത്തിന്റെ അടുത്ത സുഹൃത്താണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതിപക്ഷ പ്രതിഷേധം സ്വാഭാവികമല്ല. തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നുവെന്നും സിപിഎം സെക്രട്ടറി പറഞ്ഞു.

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം ദാരുണമാണെന്നും, ഇത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള ഗൂഢാലോചനയാണോ എന്ന് സംശയിക്കുന്നതായും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. അപകടം നടന്ന ഉടൻതന്നെ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടന്നത് സംശയാസ്പദമാണെന്നും, ഇത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഉണ്ടാക്കിയ അവസരമാണോ എന്നും മന്ത്രി ചോദിച്ചു.

More Stories from this section

family-dental
witywide