ഒടുവിൽ സിപിഎം യു ടേൺ; പാരഡി പാട്ടിനെ വെറുതെ വിടാൻ തീരുമാനിച്ചു, പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടുമോ?

‘പോറ്റിയെ കേറ്റിയേ’ എന്നു തുടങ്ങുന്ന ശബരിമല സ്വർണക്കൊള്ള വിഷയമാകുന്ന പാരഡി പാട്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം പ്രചാരണായുധമാക്കിയപ്പോൾ ഗൗനിക്കാതെ വിട്ട സിപിഎമ്മും സംസ്ഥാന സർക്കാരും തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ആ പാട്ട് എഴുതിയവരുടേയും പാടിയവരുടേയുമൊക്കെ പിന്നാലെ കേസും പരാതിയുമായി പിൻതുടരുകയായിരുന്നു. ഇതുകണ്ട് ജനങ്ങളെല്ലാം അയ്യേ.. അയ്യയ്യേ… എന്ന് മൂക്കത്തു വിരൽ വച്ചു എന്നു പറയുന്നതാവും ശരി. അങ്ങനെ ആകെ നാണംകെട്ട അവസ്ഥയിൽ എന്നാപിന്നെ കേസിനില്ല എന്ന തീരുമാനത്തിലേക്ക് സർക്കാർ ഒടുവിൽ എത്തിയെന്നാണ് റിപ്പോർട്ട്. നാണക്കേട് എന്നല്ലാതെ എന്തു പറയാൻ.

ആവിഷ്കാരസ്വാതന്ത്യ്രത്തിന്റെ കാരണഭൂതർ തങ്ങളാണെന്ന് അവകാശപ്പെടാറുള്ള സിപിഎം ഇത്തരത്തിലുള്ള ഒരു പാരഡി പാട്ടിനു നേരെ മതവികാരം വ്രണപ്പെട്ടു എന്ന വിചിത്രവും ഗുരുതരവുമായ ആരോപണമാണ് ഉയർത്തിയത്. ആ പാട്ടിൻ്റെ വരികളിൽ ഒരിടത്തും ഒരു ഒരു ദൈവത്തേയും വിമർശിക്കുന്നില്ല, എന്നു മാത്രമല്ല സ്വർണം കട്ട അമ്പലക്കള്ളന്മാർക്ക് നേർക്കുള്ള പരിഹാസം മാത്രമാണ് അതിലുള്ളത്. അതിനെ ആ നിലയ്ക്ക് കാണാനുള്ളതിനു പകരം വലിയ വലിയ വകുപ്പുകൾ ചാർത്തി കേസെടുക്കാൻ പോകുന്ന പടപ്പുറപ്പാട് കണ്ട് കേരളം അന്തം വിട്ടു. അഭിപ്രായ – ആവിഷ്‌കാരസ്വാതന്ത്യ്രങ്ങളുടെ സംരക്ഷണം മൊത്തമായി ഏറ്റെടുത്തിരിക്കുന്ന പാർട്ടിയായിരുന്നു സിപിഎം . ഇന്ത്യയിൽ എന്നുമാത്രമല്ല, ലോകത്തെവിടെ ആവിഷ്കാര സ്വാതന്ത്ര്യം ലംഘിക്കപ്പെട്ടാലും ഹൃദയം നുറുങ്ങുന്ന പാർട്ടിയായിരുന്നു. പക്ഷേ സ്വന്തം പാർട്ടികാരെ ചെറുതായൊന്നു വിമർശിച്ചപ്പോൾ പൂച്ചു പുറത്തായി. ജനാധിപത്യ സംരക്ഷകർ പെട്ടെന്ന് ഏകാധിപതികളെപോലെ പെരുമാറാൻ തുടങ്ങി. സ്ഥലകാല ബോധം നഷ്ടപ്പെട്ടു നിൽക്കുന്ന പാർട്ടിയുടെ അധികാരികളും അവരെ ചുറ്റിപറ്റിയുള്ള ഉപജാപക – പുകഴ്ത്തൽ വൃന്ദവും ചന്ദ്രഹാസമിളക്കി വേഗം പടയ്ക്ക് പുറപ്പെട്ടു. പിന്നെയാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്. അപ്പോഴേക്കും പോറ്റിയെ കേറ്റിയെ എന്ന പാട്ട് കേരളത്തിലെ എല്ലാ മനുഷ്യർക്കും മനപാഠമായിക്കഴിഞ്ഞു. പാടിവർക്കെതിരെ കേസെടുത്താലും പാട്ട് നിരോധിച്ചാലും ഒരു കാര്യവുമില്ല.

സിപിഎം തിരഞ്ഞെടുപ്പ് തോറ്റത് ഭരണവിരുദ്ധ വികാരവും ശബലിമല സ്വർണകൊള്ള വിഷയവും കൊണ്ടാണ് . ശബരിമല സ്വർണകൊള്ളയിൽ ഉൾപ്പെട്ട എല്ലാവരും സിപിഎം പാർട്ടിക്കാരല്ല.. പക്ഷേ ഉൾപ്പെട്ട പാർട്ടിക്കാർക്ക് എതിരെ നടപടി സ്വീകരിക്കാൻ പാർട്ടി തയാറായിട്ടില്ല എന്നത് ഒരു സത്യമായി നിലനിൽക്കുകയാണ്. അത് എന്തുകൊണ്ടാണ് എന്ന് നേതാക്കൾ ഉത്തരം പറയുന്നില്ല. അധികാരവും ധാർഷ്ട്യവും അസഹിഷ്‌ണുതയും കൂടിച്ചേർന്ന ഈ മനോഭാവം ജനം കാണുന്നുണ്ട് എന്ന് മറക്കുന്നിടത്താണ് തിരഞ്ഞെടുപ്പ് തോൽവികൾ ഏറ്റുവാങ്ങേണ്ടി വരുന്നത്. ഞങ്ങളുടെ ക്ഷേമപെൻഷൻ വാങ്ങി ശാപ്പിട്ടിട്ട് വോട്ട് ചെയ്തില്ല എന്ന് ഒരു സിപിഎം നേതാവ് പറയുന്നത് ഈ മനോഭാവം മനസ്സിൽ കിടക്കുന്നതുകൊണ്ടാണ്.

മറ്റൊരു കാര്യം കൂടി സിപിഎമ്മിനെ ഓർമിപ്പിക്കുന്നു. ഇരട്ടത്താപ്പ് ജനത്തിന് മനസ്സിലാകില്ല എന്നു വിചാരിക്കരുത്. ഒരേ കാര്യത്തിൽ സൗകര്യപൂർവം വ്യത്യസ്ത നിലപാടുകളെടുക്കാൻ മടിയില്ലാത്ത ഇടതു സർക്കാരും സിപിഎം എന്ന പാർട്ടിയും നിലപാടുകളെക്കുറിച്ച് വലിയ വർത്തമാനം പറയുന്നത് കാണുമ്പോൾ ജനം പുച്ഛിച്ച് തള്ളും. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ചില സിനിമകൾക്കു പ്രദർശനാനുമതി നൽകാത്ത കേന്ദ്ര സർക്കാർ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നു എന്നു മുദ്രാവാക്യം മുഴക്കിയവർ അടുത്ത ദിവസമാണ്, ഒരു പാരഡിപ്പാട്ടിന്റെ അണിയറപ്രവർത്തകരുടെ പേരിൽ കേസെടുത്തത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഏൽക്കേണ്ടിവന്ന കനത്ത പരാജയം ഈ പാട്ടിനോടുള്ള അസഹിഷ്ണുതയായി മാറുകയാണെന്നു മനസ്സിലാക്കാൻ രാഷ്ട്രീയ പാണ്ഡിത്യമെ‍ാന്നും ആവശ്യമില്ല. ആ അവസരത്തിൽ പാട്ട് എഴുതിയ മുസ്ലിം നാമധാരികൾക്ക് എതിരെയുള്ള കേസ് കേരളത്തിലെ ഭൂരിപക്ഷ വർഗീയതയ്ക്ക് വളമിടുകയാണെന്ന വാദം കൂടി ഉയർന്നു വരുന്നുണ്ട്. ഈ തിരഞ്ഞെടുപ്പുകൊണ്ടും സിപിഎം പഠിച്ചിട്ടില്ലേ? ഭിന്നിപ്പിച്ചും നിലപാട് മാറ്റിയും ബിജെപിയുടെ ബി ടീം എന്നവിധത്തിലും സിപിഎം എടുക്കുന്ന നിലപാടുകൾ മതേതര കേരളത്തിൽ ഉണ്ടാക്കുന്ന മുറിപ്പാടുകൾ ചെറുതല്ല. ഒരിക്കൽ കേരളത്തിൻ്റെ നവോത്ഥാനത്തിന് മണ്ണൊരുക്കിയ പ്രസ്ഥാനം തന്നെ കേരളത്തിന്റെ മരണമണി മുഴക്കരുത്.

തിരഞ്ഞെടുപ്പുകളെ ആസ്വാദ്യകരംകൂടിയാക്കുന്ന പാരഡിഗാനങ്ങൾക്ക് ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളോളംതന്നെ പഴക്കമുണ്ട്. നിയമവ്യവസ്ഥകളെ ദുരുപയോഗപ്പെടുത്തി അഭിപ്രായസ്വാതന്ത്ര്യത്തെയും ആവിഷ്കാരസ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാമെന്ന് അധികാരികൾ ധരിക്കരുത്. അടിസ്ഥാനപരവും വിട്ടുവീഴ്ച പാടില്ലാത്തതുമായ ഭരണഘടനാ മൂല്യങ്ങളുടെ കാര്യത്തിൽ എല്ലാ പാർട്ടികൾക്കും ഉറച്ച നിലപാടുണ്ടാകണം.

CPM u turn on pottiye kettiye parady song

More Stories from this section

family-dental
witywide