
ദുബായ്: 41 വർഷത്തെ ഏഷ്യ കപ്പ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യയും പാകിസ്ഥാനും ഫൈനലിൽ ഏറ്റുമുട്ടുന്നു. ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ആദ്യ ഫീൽഡിങ് തെരഞ്ഞെടുത്തു. പേശീവലിവ് അനുഭവപ്പെട്ട ഹാർദിക് പാണ്ഡ്യ നിർണായകമായ ഫൈനലിൽ കളിക്കില്ലെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു. കഴിഞ്ഞ മാച്ചിൽ കളിച്ച അർഷ്ദീപ് സിങും ഹർഷിദ് റാണയും ടീമിൽ നിന്ന് പുറത്തായി. അതേസമയം, ജസ്പ്രീത് ബുംറ, ശിവം ദുബെ, റിങ്കു സിങ് എന്നിവർ ടീമിലിടം നേടി.
ഇതേ ഗ്രൗണ്ടിൽ തന്നെ നടന്ന ആദ്യ രണ്ട് പോരാട്ടങ്ങളും അനായാസം ജയിച്ചുകയറിയ നീലപ്പടയെ തോൽപ്പിക്കണമെങ്കിൽ പാക് താരങ്ങളിൽ നിന്ന് അസാമാന്യ പോരാട്ടം തന്നെ പ്രതീക്ഷിക്കേണ്ടി വരും. നിലവിലെ സാഹചര്യങ്ങളിൽ ഇന്ത്യ തന്നെ ജേതാക്കളാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ രണ്ടിന്നിങ്സുകളിലുമായി 400 റൺസിന് മുകളിൽ റൺസ് പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ട്.
ഏഷ്യ കപ്പ് ചരിത്രത്തിലെ ഒൻപതാം കിരീട നേട്ടത്തിലേക്കാണ് ഇന്ത്യ കണ്ണുവയ്ക്കുന്നത്. അതേസമയം, ഇന്ത്യയെ വീഴ്ത്തിയാൽ പാകിസ്ഥാന് മൂന്നാം ഏഷ്യ കപ്പ് കിരീടമാകും സ്വന്തമാകുക. കഴിഞ്ഞ 14 ദിവസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റിൽ ഏറ്റുമുട്ടുന്നത്. സമീപകാലത്തൊന്നും ഈ ചിരവൈരികൾ ഇതുപോലെ നേർക്കുനേർ വന്നിട്ടില്ല.