
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയെന്ന കേസിൽ അന്വേഷണം ഊർജ്ജിതമാക്കി ക്രൈംബ്രാഞ്ച്. രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി. അടൂരും ഏലംകുളത്തുമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്.
തിരുവനന്തപുരത്ത് നിന്നെത്തിയ ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തിയത്. പ്രവർത്തകരുടെ ഫോണുകളും, സംഘടനാപ്രവർത്തനവുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. യൂത്ത് കോൺഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പിന് മുൻപ് മെമ്പർഷിപ്പ് കാമ്പയിനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രവർത്തകരുടെ വീടുകളിലായിരുന്നു പരിശോധന.
വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പത്തനംതിട്ട സ്വദേശികളായ അഞ്ച് പേരാണ് പ്രതികൾ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി അടുത്തബന്ധമുള്ള ഫെനി നൈനാൻ ആണ് ഒന്നാംപ്രതി. നിലവിൽ രാഹുൽ കേസിലെ പ്രതിയല്ല. എന്നാൽ, മുൻപ് ലഭിച്ച ഡിജിറ്റൽ തെളിവുകളിൽ രാഹുലിനെതിരായ ചില തെളിവുകൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് നൽകിയിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയെന്നത് ഏറെ വിവാദമായിരുന്നു. ഈ സംഭവത്തിൽ തിരുവനന്തുരം മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മ്യൂസിയം പൊലീസ് രാഹുലിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ വ്യാജ തിരിച്ചറിയൽ കാർഡുമായി രാഹുലിന് നേരിട്ട് ബന്ധപ്പെടുത്താനുള്ള തെളിവ് ലഭിച്ചില്ലെന്നാണ് പൊലീസ് സൂചിപ്പിച്ചിരുന്നത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.