
തെങ്കാശി: കുപ്രസിദ്ധ ഗുണ്ടാനേതാവും കൊടുംകുറ്റവാളിയുമായ ബാലമുരുകൻ (39) തമിഴ്‌നാട്ടിലെ തെങ്കാശിയിൽ പിടിയിലായി. കേരളത്തിലും തമിഴ്‌നാട്ടിലുമായി അഞ്ചോളം കൊലപാതകങ്ങളും കവർച്ചയും ഉൾപ്പെടെ 53-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സംഘമാണ് പിടികൂടിയത്.
തമിഴ്നാട് തെങ്കാശിക്ക് സമീപം ട്രിച്ചിയിൽ വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് ബാലമുരുകൻ പിടിയിലായത്. മകളെയോ ഭാര്യയെയോ കാണാൻ ബൈക്കിലെത്തിയതായിരുന്നു ഇയാളെന്ന് കരുതപ്പെടുന്നു. നവംബർ 3-ന് തൃശ്ശൂർ വിയ്യൂർ ജയിൽ പരിസരത്ത് വെച്ച് തമിഴ്‌നാട് പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. കോടതിയിൽ ഹാജരാക്കി തിരികെ ജയിലിലെത്തിക്കുന്നതിനിടെ ശുചിമുറിയിൽ പോകാനായി വാഹനം നിർത്തിയപ്പോഴാണ് പൊലീസിനെ തള്ളിമാറ്റി ഇയാൾ കടന്നുകളഞ്ഞത്. തുടർന്ന് ഇയാൾക്കായി കേരള പൊലീസും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും സംയുക്തമായി വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു.
മുൻപും പലതവണ ഇയാൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. 33 വയസ്സിനിടെ അഞ്ചോളം കൊലക്കേസുകളിലും നിരവധി മോഷണക്കേസുകളിലും ഇയാൾ പ്രതിയായി. തെങ്കാശി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇയാളെ ഉടൻ തന്നെ കേരള പൊലീസിന് കൈമാറാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന സമയത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി പൊലീസ് അന്വേഷണം തുടരുന്നുണ്ട്.
criminal Balamurugan arrested in Tamil Nadu, two months after escaping from police custody.













