ഭീകരർ ലക്ഷ്യമിട്ടത് 32 കാര്‍ സ്‌ഫോടനങ്ങള്‍? അതും ബാബറി മസ്ജിദ് വാര്‍ഷികദിനത്തില്‍? ഡല്‍ഹി സ്‌ഫോടനത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്കടുത്ത് തിങ്കളാഴ്ച നടന്ന കാര്‍ സ്‌ഫോടനത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് എന്‍ഐഎ. നിര്‍ണായക വിവരങ്ങളാണ് ഈ ഘട്ടത്തില്‍ പുറത്തുവരുന്നത്. രാജ്യത്ത് വിവിധയിടങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ഭീകരവാദികള്‍ 32 കാറുകള്‍ തയാറാക്കിയിരുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതിലൊരു കാറാണ് ചെങ്കോട്ടയ്ക്ക് മുന്നില്‍ പൊട്ടിത്തെറിച്ചതെന്നാണ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.

ഡിസംബര്‍ 6ന് ആക്രമണത്തിനു പദ്ധതിയിട്ടെന്നാണു കഴിഞ്ഞദിവസം അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍നിന്നു അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികദിനമാണ് ഡിസംബര്‍ 6. ഇതുവരെയുള്ള അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത് ദേശീയ തലസ്ഥാന മേഖലയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ബോംബ് സ്ഫോടന പരമ്പര നടത്താൻ ഭീകരർക്ക് ഭയാനകമായ ഒരു പദ്ധതി ഉണ്ടായിരുന്നു എന്നാണ്.

ഭീകരവാദികള്‍ ഉപയോഗിച്ച നാലു കാറുകള്‍ ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെടുത്തിട്ടുണ്ട്. ചെങ്കോട്ടയ്ക്കു മുന്നില്‍ സ്‌ഫോടനം നടത്തിയ ഡോ.ഉമര്‍ നബിയുടെ പേരിലുള്ള ചുവന്ന ഇക്കോസ്‌പോര്‍ട്ട് കാര്‍ ഹരിയാനയിലെ ഫരീദാബാദില്‍ നിന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഇയാളുടെ പേരിലുള്ള ഐ 20 കാറാണ് ചെങ്കോട്ടയ്ക്ക് മുന്നില്‍ പൊട്ടിത്തെറിച്ചത്. മറ്റു രണ്ടു കാറുകളും ഡല്‍ഹി പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഒരു ബ്രസ്സ കാര്‍ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ നിന്നാണ് കണ്ടെടുത്തത്. ഭീകര സംഘത്തിലെ വനിതാ ഡോക്ടര്‍ ഷഹീന്‍ സായിദിന്റെ കാറാണിത്. ഇവര്‍ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ വനിതാവിഭാഗമായ ജമാഅത്തുല്‍ മുഅമിനാത്തിന്റെ ഇന്ത്യയിലെ നേതാവാണെന്നാണ് വിവരം. ഇവര്‍ ഭീകരസംഘടനയിലേക്കു വനിതകളെ ചേര്‍ക്കാനും ശ്രമിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഇവര്‍ അറസ്റ്റിലായിരുന്നു.

Critical information on Delhi blasts revealed

More Stories from this section

family-dental
witywide