
തിരുവനന്തപുരം : തുടര്‍ച്ചയായി ആരോപണങ്ങളില്‍പ്പെട്ട കോണ്‍ഗ്രസ് തേനാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ വിമര്‍ശനം.
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാറി നില്‍ക്കണമെന്നും എത്രാമത്തെ തവണയാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ കേള്‍ക്കുന്നതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി സ്‌നേഹ ചോദിച്ചു. ഇത്തരം ആരോപണങ്ങള്‍ വന്നാല്‍ മാറി നില്‍ക്കുന്നതാണ് രീതി. സത്യം സമൂഹത്തെ അറിയിക്കാന്‍ സംഘടനക്ക് ബാധ്യതയുണ്ട്. ഡി വൈ എഫ് ഐ നേതാവിനെതിരെ ആണ് ഇത്തരം ആരോപണം വന്നതെങ്കില്‍ അവര്‍ പ്രതികരിച്ചേനെയെന്നും സ്‌നേഹ.
ആരോപണങ്ങള്‍ എപ്പോഴും ചിരിച്ചു തള്ളാനാകില്ല. മാധ്യമങ്ങളില്‍ വെണ്ടക്ക അക്ഷരത്തില്‍ വാര്‍ത്ത വന്നിട്ടും മൗനം പാലിക്കുന്നത് ശരിയല്ല. സംഘടന ഇതിനോട് പ്രതികരിക്കണം. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടനയില്‍ വേദിയില്ലെന്നും സ്‌നേഹ ആരോപിച്ചു. മാത്രമല്ല, ഈ വിഷയം ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യരുതെന്ന് ചിലര്‍ ആവശ്യപെട്ടതായും സ്‌നേഹ പറയുന്നു.
” സത്യം സമൂഹത്തിന് അറിയണമല്ലോ. ഒരു പെണ്ണുപിടിയനായ സംസ്ഥാന പ്രസിഡന്റല്ല എന്നത് സമൂഹത്തിന് കാണിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ കൃത്യമായി ഇതിനൊരു മറുപടി കൊടുക്കണം. നിയമപരമായി പോകണം” മറ്റൊരു വനിതാ നേതാവ് വാട്സാപ് ഗ്രൂപ്പില്‍ അയച്ച ശബ്ദസന്ദേശത്തില്‍ ഇങ്ങനെയും പറയുന്നു.