യുഎസിലെ ഗണേശചതുര്‍ത്ഥി ഘോഷയാത്രയെയും ഇന്ത്യക്കാരുടെ കുടിയേറ്റത്തെയും വിമര്‍ശിച്ചു; പള്ളിയില്‍ നിന്നും ജിംനേഷ്യത്തില്‍ നിന്നും പുറത്ത്

വാഷിങ്ടണ്‍: യുഎസിലെ ഗണേശചതുര്‍ത്ഥി ഘോഷയാത്രയെയും ഇന്ത്യക്കാരുടെ കുടിയേറ്റത്തെയും വിമര്‍ശിച്ചതിനെ തുടർന്ന് ബിസിനസുകാരനായ ഡാനിയൽ കീനെ പള്ളിയില്‍ നിന്നും ജിംനേഷ്യത്തില്‍ നിന്നും പുറത്താക്കി. ടെക്‌സാസിൽ താമസിക്കുന്ന ഡാനിയൽ ഡാലസില്‍ നടന്ന ഗണേശചതുര്‍ത്ഥി ഘോഷയാത്രയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് സാമൂഹ്യമാധ്യമത്തിലൂടെ ഇന്ത്യ വിരുദ്ധ പരാമര്‍ശം നടത്തിയത്.

എച്ച്1 ബി വിസ നമ്മൾ റദ്ദാക്കണം. എന്റെ കുട്ടികള്‍ ഇന്ത്യയില്‍ അല്ല, അമേരിക്കയിലാണ് വളരേണ്ടത്’ എന്നായിരുന്നു ഡാനിയേല്‍ കുറിച്ചത്. ഈ പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനവും പ്രതിഷേധവും ഉയർന്നു. ഇതോടെ പോസ്റ്റ് പിന്‍വലിച്ചെങ്കിലും തന്റെ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ ഡാനിയേല്‍ തയ്യാറായില്ല.

സംഭവത്തിൽ ഇത് പാപകരമായ പ്രവൃത്തിയാണെന്നും മാപ്പ് പറയണമെന്നും പള്ളി അധികൃതര്‍ ഡാനിയേലിനോട് ആവശ്യപ്പെട്ടെങ്കിലും ക്ഷമാപണത്തിന് താന്‍ തയ്യാറല്ലെന്ന ഡാനിയേലിന്റെ നിലപാട്. കുടിയേറ്റവുമായി ബന്ധപ്പെട്ട് തന്റെ കാഴ്ച്ചപാടില്‍ ഉറച്ചുനില്‍ക്കുന്നതായും ഇയാള്‍ പറഞ്ഞു. ഇതോടെയാണ് ഡാനിയേല്‍ പള്ളിയില്‍ നിന്ന് പുറത്തായത്.

പിന്നാലെ ഡാനിയേല്‍ സ്ഥിരമായി പോയിരുന്ന ജിംനേഷ്യം അധികൃതര്‍ ജിം അംഗത്വവും റദ്ദാക്കുകയായിരുന്നു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ഡാനിയേലിന്റെ ഉടമസ്ഥതയിലുള്ള കീന്‍സ് കഫെ, ബൗണ്ടറീസ് കഫെ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരെ ഓണ്‍ലൈനില്‍ കൂട്ടത്തോടെ മോശം റിവ്യൂ രേഖപ്പെടുത്തിയും പ്രതിഷേധം ശക്തമാണ്.

More Stories from this section

family-dental
witywide