
ന്യൂഡല്‍ഹി: ഇഡിയെ വിമര്‍ശിച്ച് സുപ്രീം കോടതി. ഇഡി എല്ലാ പരിധികളും ലംഘിച്ചെന്നും കോടതി ശാസിച്ചു. തമിഴ്നാട് മദ്യ വിതരണ കോർപറേഷനു (ടാസ്‍മാക്)മായി ബന്ധപ്പെട്ട് നടത്തുന്ന പരിശോധനകളും അന്വേഷണവും മറ്റും സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവിലാണ് സുപ്രീം കോടതിയുടെ പരാമർശം. റെയ്ഡ് താത്ക്കാലികമായി നിര്‍ത്തിവയ്ക്കാനും ഇഡിയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
മദ്യം കൊണ്ടുപോകുന്നതിലെ അഴിമതി, ബാര്‍ ലൈസന്‍സുകള്‍ നല്‍കല്‍, കുപ്പി നിര്‍മ്മാണ സ്ഥാപനങ്ങളുമായും ഡിസ്റ്റിലറികളുമായും ഒത്തുചേര്‍ന്ന് ഫണ്ട് വകമാറ്റി കണക്കില്‍പ്പെടാത്ത പണമുണ്ടാക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഇഡിയുടെ റെയ്ഡുകള്‍.
‘വ്യക്തികള്‍ക്കെതിരെ നിങ്ങള്‍ക്ക് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാം… പക്ഷേ കോര്‍പ്പറേഷനുകള്‍ക്കെതിരെ? നിങ്ങളുടെ ഇഡി എല്ലാ പരിധികളും കടക്കുകയാണോ!’ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇഡിയോട് ചോദിച്ചു.
അതേസമയം, കോടതിയുടെ നിര്‍ദ്ദേശത്തെ ഭരണകക്ഷിയായ ഡിഎംകെ സ്വാഗതം ചെയ്തു. സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ബിജെപി ശ്രമങ്ങള്‍ക്കുള്ള ഒരു പ്രഹരമായിരുന്നു കോടതി ഉത്തരവെന്ന് മുന്‍ രാജ്യസഭാ എംപി ആര്‍എസ് ഭാരതി പ്രതികരിച്ചു.
അതായത് തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ‘ഒന്നിലധികം ക്രമക്കേടുകള്‍’ കണ്ടെത്തിയതായി മാര്‍ച്ചില്‍ ഇഡി അവകാശപ്പെട്ടു. 1,000 കോടി രൂപയുടെ ‘കണക്കില്‍ പെടാത്ത’ പണം കണ്ടെത്തിയതായും ഇഡി പറഞ്ഞു. ഇതിനെതിരെ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും സംസ്ഥാന മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷനും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.