
തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ മുൻ മുന്‍ ദേവസ്വം പ്രസിഡന്‍റും കമ്മീഷണറുമായിരുന്ന എൻ വാസു അറസ്റ്റിൽ. എൻ വാസുവിനെ മൂന്നാം പ്രതിയാക്കിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശബരിമല സ്വർണക്കൊള്ള കേസ് സംബന്ധിച്ചടുത്തോളം നിർണായക നടപടിയാണ് ഉണ്ടായിരിക്കുന്നത്. വാസുവിനെ ഇന്ന് തന്നെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കും. വാസുവിനെതിരെ നിർണായകമൊഴിയാണ് മുരാരി ബാബുവടക്കമുള്ള പ്രതികൾ നൽകിയിരിക്കുന്നത്. എല്ലാം വാസു അറിഞ്ഞുകൊണ്ടെന്ന് മുരാരിയും സുധിഷും മൊഴി നൽകിയിട്ടുണ്ട്. മുൻ തിരുവാഭരണ കമീഷണർ ബൈജുവിൻ്റെ മൊഴിയും വാസുവിന് എതിരായതോടെയാണ് അറസ്റ്റുണ്ടായത്.
ചോദ്യം ചെയ്യലിൽ മറുപടിയില്ലാത്തതും വാസുവിന് തിരിച്ചടിയായി. രേഖകളിൽ തിരുത്തൽ വരുത്തിയതിൽ വാസുവിന് മറുപടിയുണ്ടായിരുന്നില്ല. ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നുമാണ് വാസു ഉദ്യോഗസ്ഥരെ അറിയിച്ചത്. റാന്നി കോടതി അവധിയായതിനാൽ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിലാണ് വാസുവിനെ ഹാജരാക്കുന്നത്. 2019 മാർച്ച് 18 നാണ് വാസു കട്ടിള പാളികൾ ചെമ്പു പാളികൾ എന്ന് എഴുതി ചേർത്തത്. തുടർന്ന് ഉദ്യോഗസ്ഥരുമായി ചേർന്ന് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തയക്കുകയായിരുന്നു. 409 ഗ്രാം സ്വർണമാണ് കട്ടിളപ്പാളികളിൽ നിന്ന് വേർതിരിച്ചത്.















