
ഇടുക്കി മൂന്നാറിൽ മുംബൈ സ്വദേശിനിയായ ജാൻവി എന്ന യുവതിയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്നാർ സ്വദേശികളായ വിനായകനെയും വിജയകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 30ന് സംഭവിച്ച ദുരനുഭവത്തിന്റെ വീഡിയോ യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ആ വീഡിയോയുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത പൊലീസ്, പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടി. തടഞ്ഞുവെക്കൽ, ഭീഷണി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. യുവതിയിൽനിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമവും തുടരുന്നു. ടാക്സി ഡ്രൈവർമാരായ പ്രതികളെ വീഡിയോയിലൂടെ കൃത്യമായി തിരിച്ചറിഞ്ഞതാണ് അന്വേഷണത്തിൽ നിർണായക തിരിവായത്.
വിനോദ സഞ്ചാരിക്ക് ദുരനുഭവം ഉണ്ടായ സംഭവത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. മൂന്നാർ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ സാജു പൗലോസ്, ഗ്രേഡ് എസ് ഐ ജോർജ് കുര്യൻ എന്നിവർക്കെതിരെയാണ് നടപടി. കൃത്യവിലോപം കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി നടപടിയെടുത്തത്. മുംബൈ സ്വദേശിനിയെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയ സംഭവം വളരെ ദൗര്‍ഭാഗ്യകരമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു.










