ഡൽഹി: ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതി വാങ്ങിയ ചുവന്ന ഫോർഡ് ഇക്കോസ്പോർട്ട് കാർ കണ്ടെത്തി. ഡി എൽ 10 സി കെ 0458 എന്ന നമ്പർ പ്ലേറ്റുള്ള കാർ ഹരിയാനയിലെ ഖാണ്ഡാവലി ഗ്രാമത്തിലെ ഒരു ഫാം ഹൗസിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചെങ്കോട്ടക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. കാർ കണ്ടെത്തുന്നതിന് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് കാർ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കാറുമായി ബന്ധമുള്ള പ്രതികളുടെ പക്കൽ മറ്റൊരു ചുവന്ന കാറും ഉണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ജാഗ്രതാ നിർദേശം നൽകിയത്. ചുവന്ന ഇക്കോസ്പോർട്ട് കാറിനായി ഡൽഹിയിലെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും ചെക്ക് പോസ്റ്റുകൾക്കും അതിർത്തികളിലും ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഈ വാഹനം കണ്ടെത്താനായി ഡൽഹി പോലീസിന്റെ അഞ്ച് ടീമുകളെ വിന്യസിച്ചു. അയൽ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഹരിയാന പോലീസ് എന്നിവർക്കും ജാഗ്രതാ നിർദേശം നൽകുകയും തിരച്ചിലിൽ സഹായം തേടുകയും ചെയ്തു.
ചുവന്ന ഫോർഡ് ഇക്കോസ്പോർട്ട് കാർ ഡൽഹി സ്ഫോടനക്കേസിലെ പ്രധാന പ്രതിയായ ഡോ. ഉമറിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഹരിയാനയിലെ ഫരീദാബാദിലുള്ള അൽ ഫലാഹ് മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന ഡോ. ഉമർ ഓടിച്ച കാറാണ് കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടക്ക് സമീപം പൊട്ടിത്തെറിച്ചത്.
ഡൽഹി സ്ഫോടനക്കേസിൽ നിർണായകം: പ്രതി വാങ്ങിയ ഇക്കോസ്പോർട്ട് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
November 12, 2025 6:49 PM












