
ന്യൂഡല്‍ഹി : പീഡനങ്ങള്‍ക്കിരയായ നിരവധി പെണ്‍കുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നു വെളിപ്പെടുത്തിയ കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്നും നിര്‍ണായക കണ്ടെത്തല്‍. നേത്രാവതി നദിയോടു ചേര്‍ന്നുള്ള ആറാമത്തെ പോയിന്റില്‍നിന്നും അസ്ഥിയുടെ ഭാഗങ്ങള്‍ കണ്ടെത്തി.
വെളിപ്പെടുത്തല്‍ നടത്തിയ ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ സ്ഥലത്തുനിന്നാണ് അസ്ഥിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
1998 നും 2014 നും ഇടയില്‍ ക്ഷേത്രനഗരത്തില്‍ സ്ത്രീകളുടെയും പ്രായപൂര്‍ത്തിയാകാത്തവരുടെയും മൃതദേഹങ്ങള്‍ നിര്‍ബന്ധിതമായി കത്തിക്കേണ്ടി വന്നുവെന്നും മറവുചെയ്യേണ്ടി വന്നുവെന്നും കാട്ടി ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളി രംഗത്തെത്തിയത് വന്‍ വിവാദമായിരുന്നു. ഇത് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിനെയും നിയോഗിച്ചിരുന്നു. ഇവര്‍ സ്ഥലത്ത് പരിശോധന നടത്തുന്നതിനിടയിലാണ് ഇന്ന് അസ്ഥികള്‍ കണ്ടെത്തിയിരിക്കുന്നത്.