തിരുവനന്തപുരം: ഈ മാസം 12 ന് ആരംഭിച്ച മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു. സമാപനവേദിയിൽ ഐഎഫ്എഫ്‌കെയില്‍ 19 സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മുഖ്യാതിഥിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് 13 സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി ലഭിച്ചെങ്കിലും ആറെണ്ണത്തിനുള്ള പ്രദര്‍ശനാനുമതി നിഷേധിച്ചെന്നും ഭിന്നസ്വരങ്ങളെയും വൈവിധ്യമാര്‍ന്ന സര്‍ഗാവിഷ്‌കാരങ്ങളെയും അടിച്ചമര്‍ത്തുന്ന സംഘപരിവാര്‍ നയങ്ങളുടെ ഒടുവിലത്തെ ഉദാഹരണമായി വേണം ഇത് കണക്കാക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു.
അങ്ങേയറ്റം അപഹാസ്യമായ തീരുമാനമായിരുന്നു കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റേത്. ഉദാഹരണത്തിന് ബീഫ് എന്ന പേരിലുള്ള സ്പാനിഷ് സിനിമയുടെ പ്രദര്‍ശനാനുമതി നിഷേധിച്ചു. കാരണം ബീഫ് എന്നാല്‍ അവര്‍ക്ക് ഒരു അര്‍ത്ഥമേയുള്ളു. എന്നാല്‍ ബീഫ് എന്ന ഭക്ഷണ പദാര്‍ത്ഥവുമായി സിനിമയ്ക്ക് പുലബന്ധം പോലുമില്ലായിരുന്നു. സ്പാനിഷ് ജനപ്രിയ സംഗീതമായ ഹിപ്‌ഹോപുമായി ബന്ധപ്പെട്ട സിനിമയായിരുന്നു അത്. ഇതില്‍ ബീഫെന്നാല്‍ പോരാട്ടം കലഹം എന്നൊക്കെയാണ് അര്‍ത്ഥം. ഇത് തിരിച്ചറിയാതെ ബീഫ് എന്ന് കേട്ടയുടന്‍ ഇവിടുത്തെ ബീഫാണെന്ന് കണക്കാക്കി അതിനെതിരെ വാളെടുക്കുന്ന നിലയാണ് കേന്ദ്രം സ്വീകരിച്ചതെന്നും ഒടുവില്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന ബീഫല്ലെന്ന് മനസിലായതോടെയാണ് പ്രദര്‍ശനാനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക ക്ലാസിക്കായ ബാറ്റില്‍ ഷിപ്പ് പോടെകിന്‍ എന്ന സിനിമയുടെ പ്രദര്‍ശനാനുമതി വിലക്കിയതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോക സിനിമയെ കുറിച്ചുള്ള കേന്ദ്ര ഭരണ സംവിധാനത്തിന്റൈ അജ്ഞതയുടെ നിര്‍ലജ്യമായി വേണം ഇതിനെ കണക്കാക്കാനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 30 വര്‍ഷം പ്രായമായ ഐഎഫ്എഫ്‌കെയെ ഞെരിച്ചു കൊല്ലാനുള്ള നടപടിയാണിതെന്നും ഇത് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ കൃത്യമായ നിലപാടെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫാസിസ്റ്റ് നടപടികളെ ചെറുത്തുകൊണ്ട് ഐഎഫ്എഫ്‌കെ ഇവിടെ തന്നെ ഉണ്ടാകും. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ല. ഏതൊക്കെ സിനിമക്കാര്‍ കേരളത്തില്‍ വരണമെന്ന് പോലും കേന്ദ്രം കൈ കടത്തുന്നു. ചില ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സന്ദര്‍ശന അനുമതി വിലക്കിയ നടപടി ഇത്തവണയും ഉണ്ടായി. ഞങ്ങള്‍ക്ക് ഇഷ്ടമല്ലാത്തവരോട് നിങ്ങളും സഹകരിക്കേണ്ട എന്ന നിലപാടാണ്. തുര്‍ക്കി സിനിമയുടെ സംവിധായകന് വിസ നിഷേധിച്ചു. താനാണോ തന്റെ രാജ്യമാണോ പ്രശ്‌നം എന്നാണ് അവര്‍ പരസ്യമായി ചോദിച്ചത്. വര്‍ഗീയതക്കും സങ്കുചിത ചിന്തകള്‍ക്കും വിട്ടുകൊടുക്കാന്‍ ഉള്ളതല്ല കേരളമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങയും പ്രഖ്യാപിച്ചു. മനുഷ്യബന്ധങ്ങളുടെ സങ്കീർണതയും വൈകാരിക ബന്ധത്തിന്റെ ആഴവും പ്രമേയമാക്കി ഷോ മിയാക്കി സംവിധാനം ചെയ്ത ടൂ സീസൺസ് ടൂ സ്ട്രെയ്ഞ്ചേഴ്സിനാണ് സുവർണചകോരം ലഭിച്ചത്. 20 ലക്ഷം രൂപയും പ്രശസ്തി പത്രവും മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച സംവിധായകനുള്ള രജതചകോരം അർജന്റിനീയൻ ചിത്രം ബിഫോർ ദ ബോഡിയുടെ സംവിധായകരായ കരീന പിയാസയും ലൂസിയ ബ്രാസെലിസും നേടി. നാലുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ഖിഡ്കി ഗാവ് സ്വന്തമാക്കി. ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത തന്തപ്പേര് പ്രത്യേക ജൂറി പരമാർശം നേടി. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ഓഡിയൻസ് പോൾ പുരസ്കാരവും ചിത്രം നേടി. മികച്ച മലയാള നവാഗത സംവിധായകനായി തിരഞ്ഞെടുത്തത് ചിത്രം എന്ന സിനിമയുടെ സംവിധായകനായ ഫാസിൽ റസാക്കിനെയാണ്.
Curtain falls on International Film Festival of Kerala; CM opposes Centre’s ban on films at IFFK, says beef has only one meaning for them











