100 കിലോമീറ്റര്‍ വേഗതയില്‍ കരതൊട്ട് ‘മൊന്‍ത’ ചുഴലിക്കാറ്റ് : ഒരു മരണം, ഒഡീഷയിലും ആന്ധ്രയിലും റെഡ് അലേര്‍ട്ട്; 35 വിമാനങ്ങള്‍ റദ്ദാക്കി

അമരാവതി : ചൊവ്വാഴ്ച രാത്രിയോടെ കരതൊട്ട ‘മൊന്‍ത’ ചുഴലിക്കാറ്റ് ‘തീവ്ര ചുഴലിക്കാറ്റ്’ ആയി കരയിലേക്ക് കടന്നു. ചുഴലിക്കാറ്റ് മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലുള്ള കാക്കിനടയുടെ തെക്ക് ഭാഗത്തേക്ക് ആന്ധ്രാപ്രദേശിന്റെയും യാനത്തിന്റെയും തീരങ്ങള്‍ കടന്നതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച പുലര്‍ച്ചെ അറിയിച്ചു. ആന്ധ്രയില്‍ മാമദികുരു മണ്ഡലത്തിലെ മകനപാളയം ഗ്രാമത്തില്‍ മരം വീണ് ഒരു സ്ത്രീ മരിച്ചു. റോഡുകളില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ലൈനുകള്‍ പൊട്ടി വീണു. തിരമാലകള്‍ 10 അടി ഉയരത്തില്‍ ആഞ്ഞടിച്ചു.

‘തീരദേശ ആന്ധ്രാപ്രദേശിലൂടെ ഏതാണ്ട് വടക്ക് പടിഞ്ഞാറോട്ട് നീങ്ങാനും അടുത്ത 6 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റിന്റെ തീവ്രത നിലനിര്‍ത്താനും തുടര്‍ന്നുള്ള 6 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ദുര്‍ബലമായി ഒരു ആഴത്തിലുള്ള ന്യൂനമര്‍ദ്ദമായി മാറാനും’ സാധ്യതയുണ്ടെന്ന് ഐഎംഡി പറഞ്ഞു. തീരദേശ ആന്ധ്രാപ്രദേശ്, റായലസീമ, തെലങ്കാന, തെക്കന്‍ ഛത്തീസ്ഗഢ്, ഒഡീഷ എന്നിവിടങ്ങളില്‍ ബുധനാഴ്ച ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് ചുഴലിക്കാറ്റ് കാരണമാകുമെന്നാണ് പ്രവചനം.

ഒഡീഷയിലെ മല്‍ക്കന്‍ഗിരി, കോരാപുട്ട്, രായഗഡ, ഗജപതി, ഗഞ്ചം എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബാക്കിയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. തെലങ്കാനയിലെ മുലുഗു, ഖമ്മം, ബി കോതഗുഡെം എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ടും നല്‍ഗൊണ്ട, മഞ്ചേരിയല്‍, പെദ്ദപ്പള്ളി, ഹനംകൊണ്ട, സൂര്യപേട്ട തുടങ്ങിയ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൊന്തയെ നേരിടാനുള്ള തയ്യാറെടുപ്പ് വിലയിരുത്തുന്നതിനായി ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം, ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി, തെക്കന്‍ ഒഡീഷയിലെ എട്ട് ജില്ലകളെയാണ് ‘ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ളത്’ എന്ന് അറിയിച്ചു.

ആന്ധ്രാപ്രദേശിലെ മിക്കയിടത്തും റെഡ്, ഓറഞ്ച് അലര്‍ട്ടാണുള്ളത്. പ്രകാശം, നെല്ലൂര്‍, എല്ലൂര്‍, തിരുപ്പതി, ഈസ്റ്റ് ഗോദാവരി, ഗുണ്ടൂര്‍, കൃഷ്ണ എന്നിവിടങ്ങളില്‍ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഗുജറാത്ത് മേഖല, സൗരാഷ്ട്ര & കച്ച് മേഖല, കൊങ്കണ്‍ & ഗോവ, മധ്യ മഹാരാഷ്ട്ര, മറാത്ത്വാഡ, വിദര്‍ഭ മേഖല എന്നിവിടങ്ങളില്‍ ‘കനത്ത മഴ, ഇടിമിന്നല്‍, ശക്തമായകാറ്റി എന്നിവ ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു.

35 വിമാനങ്ങള്‍ റദ്ദാക്കി

തീവ്ര ചുഴലിക്കാറ്റ് (എസ്സിഎസ്) മൊന്‍തയെ തുടര്‍ന്ന്, തെലങ്കാനയിലെ ഷംഷാബാദിനും ആന്ധ്രാപ്രദേശിലെ വിജയവാഡ, വിശാഖപട്ടണം, രാജമുണ്ട്രി വിമാനത്താവളങ്ങള്‍ക്കുമിടയിലുള്ള 35 ലധികം വിമാനങ്ങള്‍ റദ്ദാക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Cyclone ‘Montha’ makes landfall at 100 kmph: One death, red alert in Odisha and Andhra Pradesh,
35 flights cancelled.

More Stories from this section

family-dental
witywide