‘മോൻതാ’ തീരം തൊട്ടു; 110 കിമീ വേഗതയിൽ കാറ്റിന് സാധ്യത, വിവിധ സംസ്ഥാനങ്ങളിൽ ജാഗ്രത, ആന്ധ്രയിൽ റെഡ് അലർട്ട്, കേരളത്തിൽ യെല്ലോ

അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘മോൻതാ’ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്ത് കരതൊട്ടു. മച്ചിലിപട്ടണത്തിനും കാക്കി ഗ്രാമത്തിനുമിടയിലാണ് കാറ്റ് കരയിലെത്തിയത്. പൂർണമായും കരയിൽ പ്രവേശിക്കുന്നതോടെ മണിക്കൂറിൽ 90-110 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആന്ധ്രയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആന്ധ്രാപ്രദേശ്, യാനം, തെക്കൻ ഒഡീഷ തീരങ്ങളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മധ്യ-വടക്കൻ ആന്ധ്രയിൽ 92-117 കി.മീ വേഗമുള്ള കാറ്റും 39 മണ്ഡലങ്ങളിൽ കനത്ത മഴയും പ്രതീക്ഷിക്കുന്നു. തെക്കൻ ഒഡീഷ, തെക്കൻ ഛത്തീസ്ഗഢ്, കിഴക്കൻ തെലങ്കാന എന്നിവിടങ്ങളിൽ 29-ന് വൈകുന്നേരം മുതൽ 60-70 കി.മീ വേഗത്തിൽ കാറ്റ് വീശും.

മുൻകരുതലായി തീരപ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. ഏഴ് ജില്ലകളിൽ രാത്രിയാത്ര നിരോധിച്ചു. ദുരിതബാധിതർക്ക് സഹായം നൽകാൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എംഎൽഎമാർക്കും എംപിമാർക്കും നിർദേശം നൽകി. 61 ട്രെയിൻ സർവീസുകൾ റദ്ദാക്കി, ചിലത് വഴിതിരിച്ചുവിട്ടു.

സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. അതിശക്ത മഴയും കാറ്റും മൂലം വ്യാപക നാശനഷ്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കേരളത്തിലും വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

28/10/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ

29/10/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

More Stories from this section

family-dental
witywide