
ചെന്നൈ : ആന്ധ്രാപ്രദേശ് തീരത്തേക്ക് ‘മൊന്‍ ത’ചുഴലിക്കാറ്റ് അടുക്കുന്ന സാഹചര്യത്തില്‍ നിരവധി പാസഞ്ചര്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ റദ്ദാക്കി. വിമാന സര്‍വ്വീസുകളെയും ബാധിക്കും.
തീരദേശ ആന്ധ്രാ റൂട്ടുകളിലെ 72 ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയതെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനമെന്നും റെയില്‍വേ അറിയിച്ചു. വിജയവാഡ, രാജമുന്‍ഡ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം തുടങ്ങിയ പ്രധാന റൂട്ടുകളെ ഇത് സാരമായി ബാധിക്കും.
ചുഴലിക്കാറ്റുമൂലമുള്ള പ്രതികൂല കാലാവസ്ഥ കാരണം ഒക്ടോബര്‍ 28ലെ എല്ലാ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളും റദ്ദാക്കിയതായി വിശാഖപട്ടണം എയര്‍പോര്‍ട്ട് അധികൃതര്‍ സ്ഥിരീകരിച്ചു.
അതേസമയം, ചുഴലിക്കാറ്റ് ഭീതിയില്‍ ചെന്നൈയിലെ സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ചെന്നൈയിലും പരിസര പ്രദേശങ്ങളിലും മഴ ശക്തിപ്പെട്ടിരിക്കുകയാണ്.
‘മൊന്‍ ത’ ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കാണ് നീങ്ങുന്നത്. ഇന്നു രാത്രിയോടെ ആന്ധ്രയിലെ കാക്കിനടയ്ക്കു സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയില്‍ കര തൊടുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.
കേരളത്തില്‍ മൊൻതയുടെ പ്രഭാവം ശക്തമാവുകയാണ്. ഇന്നും നാളെയും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ച കാലാവസ്ഥാ വകുപ്പ്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും മറ്റ് ഒൻപത് ജില്ലകളില്‍ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Cyclone ‘Montha’ to make landfall today.












