കപ്പൽ അപകടത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് നാശനഷ്ടം; എംഎസ്‌സി കമ്പനി ഉടമസ്ഥതയിലുള്ള മറ്റൊരു കപ്പല്‍ കൂടി തടഞ്ഞുവെക്കാന്‍ ഹൈക്കോടതി

കൊച്ചി: എംഎസ്‌സി എല്‍സ 3 കപ്പല്‍ അപകടത്തെ തുടർന്നുള്ള നടപടിയിൽ എംഎസ്‌സി ഷിപ്പിങ് കമ്പനിയുടെ കപ്പല്‍ വീണ്ടും തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. ബോട്ടുടമകള്‍ നല്‍കിയ ഹര്‍ജിയിൽ പാല്‍മറെ കപ്പലാണ് തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. എംഎസ്‌സി എല്‍സ 3 കപ്പല്‍ അപകടത്തില്‍, നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുമ്പോള്‍ കപ്പലിന്റെ അവശിഷ്ടങ്ങളില്‍ തട്ടി വൻ നാശനഷ്ടം ഉണ്ടാകുന്ന സാഹചര്യത്തിലാണ് ബോട്ടുടമകൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എംഎസ്‌സിയുടെ രണ്ട് കപ്പല്‍ തടഞ്ഞുവെക്കാന്‍ മുമ്പും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതില്‍ ഒരു കപ്പല്‍ നഷ്ടപരിഹാരം കെട്ടിവച്ചതിന് ശേഷം കമ്പനി തിരിച്ച് കൊണ്ടുപോയിരുന്നു. എന്നാല്‍, നഷ്ടപരിഹാരമാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

അപകടത്തിൽ കപ്പലിന്റെ ഉടമകളായ കമ്പനിക്കും ക്യാപ്റ്റനുമെതിരെയാണ് ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.മെയ് 24നാണ് എംഎസ്‌സി എല്‍സ 3 എന്ന ലൈബീരിയന്‍ ചരക്ക് കപ്പല്‍ തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെയായി അപകടത്തിൽപ്പെട്ടത്. കപ്പലിലെ ജീവനക്കാരെ എല്ലാം രക്ഷപെടുത്തി. പിന്നീട് അടുത്ത ദിവസം കപ്പല്‍ പൂര്‍ണമായും കടലിൽ മുങ്ങുകയും ചെയ്തു.

More Stories from this section

family-dental
witywide