
കാലിഫോർണിയ: കാലിഫോർണിയയിലെ മൈക്രോസോഫ്റ്റ് ക്യാംപസിൽ ഇന്ത്യൻ വംശജനായ യുവ എൻജിനീയർ പ്രതീക് പാണ്ഡെ(35)യുടെ മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. കഴിഞ്ഞ മാസം 20ന് പുലർച്ചെ രണ്ടിനാണ് മൈക്രോസോഫ്റ്റ് ക്യാംപസിനുള്ളിൽ പ്രതീക് പാണ്ഡെയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാന്താ ക്ലാര കൗണ്ടി മെഡിക്കൽ എക്സാമിനർ നടത്തിയ പ്രാഥമിക പരിശോധനയിൽ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിലയിരുത്തൽ.
എന്നാൽ , പ്രതീകിന്റെ മരണത്തിന് കാരണം അമിത ജോലിഭാരമാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്. ജീവനക്കാരെ യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകളുടെ ഭാരത്തിൽ തകർക്കരുത്. ഇതുമൂലമാണ് മകനെ നഷ്ടമായത്. ടാർഗറ്റ് പൂർത്തീകരിക്കുന്നതിന് പ്രതീക് രാത്രിയിലും ജോലി ചെയ്തിരുന്നു. ഇത് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കി. ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മാനസിക സമ്മർദ്ദം കാരണം ജോലി ഉപേക്ഷിക്കുന്നത് പരിഗണിക്കാൻ പ്രതീകിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു.
മൈക്രോസോഫ്റ്റിൽ ചേരുന്നതിന് മുൻപ് ആപ്പിൾ, ഇല്ലുമിന, വാൾമാർട്ട് ലാബ്സ് എന്നിവിടങ്ങളിലും പ്രതീക് പ്രവർത്തിച്ചിരുന്നു.2010ൽ ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയ പ്രതീക് സാൻ ജോസ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം 2020 ജൂലൈയിലാണ് മൈക്രോസോഫ്റ്റിൽ ചേർന്നത്.