
ന്യൂഡൽഹി : പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെതിരെയുള്ള വധഭീഷണിയിൽ ബ്രിട്ടനോട് ഔദ്യോഗികമായി നടപടി ആവശ്യപ്പെട്ട് പാകിസ്ഥാൻ രംഗത്ത്. ബ്രിട്ടനിലെ ബ്രാഡ്‌ഫോർഡിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അനുയായികൾ നടത്തിയ റാലിക്കിടെ ഒരു സ്ത്രീ അസിം മുനീറിനെതിരെ വധഭീഷണി മുഴക്കിയിരുന്നു. കാർ ബോംബ് സ്ഫോടനത്തിലൂടെ സൈനിക മേധാവി കൊല്ലപ്പെടുമെന്നായിരുന്നു ഇവരുടെ പരാമർശം. ഈ സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം, ഇസ്ലാമാബാദിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ മാറ്റ് കാനലിനെ നേരിട്ട് വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
പിടിഐ യുണൈറ്റഡ് കിംഗ്ഡം യൂണിറ്റിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഈ പ്രസംഗത്തിന്റെ വീഡിയോ പ്രചരിച്ചത്. വധഭീഷണി മുഴക്കിയ സ്ത്രീക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു. ഇമ്രാൻ ഖാനെയും ഭാര്യ ബുഷ്‌റ ബീബിയെയും അഴിമതിക്കേസിൽ 17 വർഷത്തേക്ക് തടവിന് ശിക്ഷിച്ച കോടതി വിധിക്ക് പിന്നാലെയാണ് ബ്രാഡ്‌ഫോർഡിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
അതേസമയം, പാകിസ്ഥാന്റെ പരാതിക്ക് മറുപടിയായി, ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടന്നതായി ബോധ്യപ്പെട്ടാൽ അത് ബ്രിട്ടീഷ് പൊലീസിനെ അറിയിക്കണമെന്നും പൊലീസ് ഇക്കാര്യം പരിശോധിക്കുമെന്നും ബ്രിട്ടീഷ് ഹൈക്കമ്മീഷൻ വ്യക്തമാക്കി.എന്നാൽ, ഭീഷണി രാഷ്ട്രീയമായ വിമർശനമല്ലെന്നും വധശിക്ഷ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ളതാണെന്നും പാകിസ്ഥാൻ ആഭ്യന്തര സഹമന്ത്രി തലാൽ ചൗധരി പറഞ്ഞു.
Death threat against Asim Munir: Pakistan asks Britain to take official action














