
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന് പിന്നാലെ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഊർജ്ജിത നടപടിയിലേക്ക് കടന്ന സർക്കാർ. കേരളത്തിൽ അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ആശുപത്രി കെട്ടിടങ്ങളുടെ സ്ഥിതിവിവരം ശേഖരിക്കാനാണ് നിര്‍ദ്ദേശം. കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് രോഗിയുടെ കൂട്ടിരിപ്പുകാരിയായ ബിന്ദു മരിച്ച സാഹചര്യത്തിലാണ് നടപടി.
അടിയന്തരമായി വിവരങ്ങള്‍ കൈമാറാന്‍ ആരോഗ്യ ഡയറക്ടറാണ് നിര്‍ദ്ദേശം നല്‍കിയത്. അപകട അവസ്ഥയിലായ കെട്ടിടങ്ങളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഫയര്‍ എന്‍ഒസി ലഭിക്കാത്ത കെട്ടിടങ്ങളുടെ വിവരങ്ങളും തേടിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ആരോഗ്യ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് യോഗം വിളിച്ചത്.
അതേസമയം കോട്ടയം മെഡിക്കല്‍ കോളേജിലെ പഴയ കെട്ടിടം പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന മന്ത്രി തല യോഗത്തിലെ തീരുമാനം നടപ്പാക്കിയില്ലെന്ന വിവരവും പുറത്ത് വന്നിരുന്നു. ഉദ്ഘാടനത്തിന് കാത്തുനില്‍ക്കാതെ പുതിയ കെട്ടിടത്തിലേക്ക് മാറ്റണം എന്ന മന്ത്രി തല യോഗത്തിലെ തീരുമാനമാണ് നടപ്പാക്കാതിരുന്നത്. മെയ് 30നാണ് യോഗം നടന്നത്. മന്ത്രിമാരായ വി എന്‍ വാസവനും വീണാ ജോര്‍ജ്ജും പങ്കെടുത്ത യോഗത്തില്‍ ആയിരുന്നു തീരുമാനമുണ്ടായത്.