അമേരിക്കന്‍ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പുതിയ H-1B വിസ അപേക്ഷിക്കുന്നവർക്ക് ഫീസ് 100,000 ഡോളറാക്കി (ഏകദേശം 87 ലക്ഷം രൂപ) വർദ്ധിപ്പിച്ചത് ഇന്ത്യക്ക് തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെങ്കിലും, അതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ അമേരിക്കയെയാണ് കൂടുതല്‍ ബാധിക്കുകയെന്ന് വിദഗ്ധർ . ടിസിഎസ്, ഇന്‍ഫോസിസ് പോലുള്ള ഇന്ത്യന്‍ ഐടി ഭീമന്‍മാര്‍ ഇതിനെ നേരിടാന്‍ പ്രാദേശികമായി ജീവനക്കാരെ നിയമിച്ചും, ജോലികള്‍ വിദേശത്തേക്ക് മാറ്റിയും തയ്യാറെടുപ്പുകള്‍ നടത്തുകയാണ്.
നിയമപരമായ അനിശ്ചിതത്വങ്ങള്‍ മാറുന്നത് വരെ ക്ലയന്റുകള്‍ വിലപേശുകയോ, പദ്ധതികള്‍ വൈകിപ്പിക്കുകയോ ചെയ്യാം. ഇത് കമ്പനികളെ വിദേശത്തേക്ക് ജോലികള്‍ മാറ്റാനും, അമേരിക്കയിലെ ജോലികള്‍ കുറയ്ക്കാനും, സ്‌പോണ്‍സര്‍ഷിപ്പ് തീരുമാനങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ എടുക്കാനും പ്രേരിപ്പിച്ചേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.
വലിയ കമ്പനികളെക്കാള്‍ H-1B വിസക്കാരെ കൂടുതല്‍ ആശ്രയിക്കുന്ന ആശുപത്രികള്‍, സര്‍വ്വകലാശാലകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയെ ഈ തീരുമാനം കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. ടെക്, മെഡിസിന്‍ തുടങ്ങിയ മേഖലകളില്‍ പുതിയ തൊഴിലാളികള്‍ക്ക് ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍, ഏതാനും വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു തൊഴിലാളി ക്ഷാമം അമേരിക്കന്‍് സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഭൂരിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും സ്ഥിരമായി താമസിക്കാന്‍ സാധ്യതയുള്ള രാജ്യങ്ങള്‍ തിരഞ്ഞെടുക്കുമെന്നതിനാൽ വരും വര്‍ഷങ്ങളില്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടാകാനും ഇത് കാരണമാകും. അമേരിക്കയിലെ നാല് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്.
H-1B വിസക്കാരും അവരുടെ കുടുംബങ്ങളും ചേര്‍ന്ന് പ്രതിവര്‍ഷം 86 ബില്യണ്‍ ഡോളറാണ് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുന്നത്. അതിനാൽ തന്നെ ഈ മാറ്റം വിദേശ തൊഴിലാളികള്‍ക്ക് മേലുള്ള നികുതി എന്നതിനേക്കാള്‍, അമേരിക്കന്‍ കമ്പനികള്‍ക്കും സമ്പദ് വ്യവസ്ഥയ്ക്കും അഗ്‌നിപരീക്ഷയാണെന്നും വിദഗ്ധർ പറയുന്നു.














