കോട്ടയം: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക ദിനപത്രം. ‘വര്‍ഗീയത വാനോളം, നിവേദനം പോരാ’ എന്ന തലക്കെട്ടോട് കൂടിയുള്ള മുഖപ്രസംഗത്തിലാണ് രൂക്ഷവിമര്‍ശനം. ക്രൈസ്തവര്‍ക്കെതിരെ രാജ്യമൊട്ടാകെ നടക്കുന്ന അക്രമത്തില്‍ ഭരണകൂടം കുറ്റകരമായ നിശബ്ദത പാലിക്കുന്നുവെന്നും ഭരണകൂട നിശബ്ദതയക്കൊപ്പം ദുര്‍ബലമായ പ്രതിപക്ഷവും നിയമപരമായ പരിഹാരങ്ങള്‍ നടത്താന്‍ ശക്തമായ സംവിധാനമില്ലാത്ത ന്യൂനപക്ഷ നേതൃത്വങ്ങളും സ്ഥിതി വഷളാക്കിയെന്നും ദീപിക മുഖപ്രസംഗത്തിൽ വിമര്‍ശിക്കുന്നു.
11 വര്‍ഷത്തെ ബിജെപി ഭരണത്തില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണം പുതിയ സംഭവമല്ല. ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ പ്രധാനമന്ത്രിയുടെ മൗനവും പുതിയതല്ല. ബിജെപി സര്‍ക്കാരുകള്‍ക്ക് കൊടുക്കുന്ന നിവേദനങ്ങള്‍ അവഗണിക്കപ്പെടുന്നതും പുതിയ കാര്യമല്ല. ചേര്‍ത്തുവായിക്കുമ്പോള്‍ പരസ്പരബന്ധം ദൃശ്യമാണ്. ബിജെപി സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കിയതുകൊണ്ട് മാത്രം പ്രശ്‌നപരിഹാരം സാധ്യമല്ലെന്നും കോടതിയെ സമീപിക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിനെതിരായ അതിക്രമമെന്നും രാജ്യതലസ്ഥാനത്ത് ഉള്‍പ്പെടെ നിരവധി ഇടങ്ങളില്‍, ക്രൈസ്തവരും ക്രൈസ്തവ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടെന്നും ദീപിക ആരോപിക്കുന്നു. വര്‍ഗീയവാദികള്‍ അക്രമം നടത്തുമ്പോള്‍ പ്രധാനമന്ത്രി പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയത് വിദേശരാജ്യങ്ങളിലെ ഭരണാധികാരികളെ കാണിക്കാനാകും. അല്ലെങ്കില്‍ അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയോ അവ ലഭിക്കുകയോ ചെയ്‌തേനെയെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഈ വര്‍ഷം നവംബര്‍ വരെ ക്രൈസ്തവര്‍ക്കെതിരെ 706 അക്രമങ്ങള്‍ നടന്നെന്നും കഴിഞ്ഞവര്‍ഷം 834 അതിക്രമ സംഭവങ്ങള്‍ ഉണ്ടായെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ബിജെപി അധികാരത്തില്‍ എത്തിയതിനുശേഷം അതിക്രമം നാലും അഞ്ചും ഇരട്ടിയായി. സംഘപരിവാറിനെ പോലും ലജ്ജിപ്പിക്കുന്ന ന്യായീകരണമാണ് കാസ നടത്തുന്നതെന്ന് പറഞ്ഞ് കാസയെയും പരോക്ഷമായി മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നുണ്ട്.
വര്‍ഗീയവാദികളും ബിജെപി സര്‍ക്കാരുകളും ഭരണഘടനയെ നോക്കുകുത്തിയാക്കി. യുപിയില്‍ ക്രിസ്മസ് അവധി റദ്ദാക്കി. ഛത്തീസ്ഗഡില്‍ ക്രിസ്മസ് തലേന്ന് ബന്ദ് നടത്തി. കേരള ലോക് ഭവനിലും ക്രിസ്മസ് പ്രവൃത്തി ദിനമാക്കി. മതപരിവര്‍ത്തനം ആരോപിച്ചാണ് അതിക്രമങ്ങള്‍ നടത്തിയത്. എന്നാല്‍ ബിജെപിയുടെ ദേശീയ നേതാക്കള്‍ ഏറെയും പഠിച്ചത് മതപരിവര്‍ത്തനക്കാരുടെ സ്‌കൂളുകളിലാണെന്നും അന്നവര്‍ നേതാക്കളായിരുന്നില്ല, മതം മാറിയതുമില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ഇസ്‌ലാമിക തീവ്രവാദത്തെയും ഹിന്ദു-ക്രിസ്ത്യന്‍ വര്‍ഗീയതയെയും ഒരുപോലെ എതിര്‍ക്കണം. ഒന്നിനെ താലോലിച്ചു കൊണ്ട് മറ്റുള്ളവയെ എതിര്‍ക്കുന്ന വ്യക്തികളും രാഷ്ട്രീയ പാര്‍ട്ടികളുമാണ് ഇന്ത്യയിലെ വര്‍ഗീയതയെയും തീവ്രവാദത്തെയും പനപോലെ വളര്‍ത്തിയതെന്നും ദീപിക കുറ്റപ്പെടുത്തി. വികസനപദ്ധതികളോ ആത്മവിശ്വാസമോ ഇല്ലാത്ത പാര്‍ട്ടികള്‍ക്കാണ് മതധ്രുവീകരണത്തിന്റെ ആവശ്യമുണ്ടാകുന്നതെന്ന് ജനം അറിയണം. കൈ കോര്‍ത്തു നിന്നാല്‍ വര്‍ഗീയതയെയും തീവ്രവാദത്തെയും തുരത്താനാകുമെന്നും പക്ഷേ, കൈകോര്‍ക്കണമെന്നും ദീപികയില്‍ മുഖപ്രസംഗത്തിൽ വ്യക്തമാക്കി.
Deepika daily criticizes Prime Minister; Attacks on minorities and the Prime Minister’s silence are not new













