
കോഴിക്കോട്: ചത്തീസ്ഗഢില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ വിഷയത്തില്‍ ബിജെപിക്കെതിരേ അതിരൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം.
രണ്ട് കന്യാസ്ത്രീകളെയല്ല മതേതര ഭരണഘടനയെയാണ് വര്‍ഗീയവാദികള്‍ ബന്ദികളാക്കിയതെന്ന് മുഖപ്രസംഗം വിമര്‍ശിക്കുന്നു. ‘തടയനാളില്ല. രാജ്യം ഭരിക്കുന്ന ബിജെപിയുടെ അനുഗ്രഹാശീര്‍വാദത്തോടെ, പ്രതിപക്ഷത്തിന്റെ വഴിപാട് പ്രതിഷേധത്തോടെ, നീതിന്യായ സംവിധാനങ്ങളുടെ പരിമിതികളോടെ, ന്യൂനപക്ഷ ദല്ലാള്‍സംഘങ്ങളുടെ ഒറ്റുചുംബനത്തോടെ അവരുടെ അഥവാ ഹിന്ദുത്വയുടെ രാഷ്ട്രം നിര്‍വചിക്കപ്പെടുകയാണെ’ന്നും മുഖപ്രസംഗം ആരോപിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ന്യൂനപക്ഷങ്ങളെ ചോദ്യംചെയ്യാന്‍ തീവ്രമതസംഘടനകളെ വിളിച്ചുവരുത്തുക, യാത്രക്കാരെ മതസംഘടനകള്‍ റെയില്‍വേസ്‌റ്റേഷനില്‍ ആള്‍ക്കൂട്ട വിചാരണ നടത്തുക, പിന്നീട് കര്‍ശന നിര്‍ദേശത്തോടെ പൊലീസിന് കൈമാറുക… മതരാജ്യങ്ങളില്‍ മാത്രം നടക്കുന്ന കാര്യങ്ങളാണ് ഇതെന്ന് ബിജെപിക്ക് അറിയാതെയാണോ എന്നും ദുരൂഹതയേറുന്നുവെന്നും മുഖപ്രസംഗത്തിലുണ്ട്.
ന്യൂനപക്ഷങ്ങള്‍ കേരളത്തിലൊഴിച്ച് ഏതാണ്ട് എല്ലായിടത്തും അരക്ഷിതാവസ്ഥയിലാണ്. ബിജെപി വിചാരിച്ചാല്‍ വര്‍ഗീതയതെ തളയ്ക്കാം. പക്ഷേ, അധികാരത്തിന്റെ ആ അക്രമോത്സുകരഥം കേരളത്തില്‍ മാത്രമായി ഒഴിവാക്കാനാകുന്നില്ല.
ഛത്തീസ്ഗഢിലും ഒഡീഷയിലുമുള്‍പ്പെടെ കന്യാസ്ത്രീകള്‍ക്ക് കുറ്റപത്രവും കേരളത്തില്‍ പ്രശംസാപത്രവും കൊടുക്കുന്ന രാഷ്ട്രീയം ഹിന്ദുക്കളും ക്രൈസ്തവരും മുസ്‌ലിംകളും ഉള്‍പ്പെടുന്ന മതേതരസമൂഹം തിരിച്ചറിയുന്നുണ്ട്. ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തത്തിലല്ലെന്ന് കേരളഘടകത്തെയും സ്‌നേഹപൂര്‍വം ഓര്‍മിപ്പിക്കുന്നെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.
Deepika’s editorial strongly criticizes BJP for arresting the nuns