
കൊച്ചി മേയർ സ്ഥാനം വി കെ മിനിമോളും ഷൈനി മാത്യുവും രണ്ടര വർഷം വീതം പങ്കിടുമെന്ന ഡിസിസി പ്രഖ്യാപനത്തിനെതിരെ ദീപ്തി മേരി വർഗീസ് വിഭാഗം നിലപാട് കടുപ്പിച്ചു. തന്നെ ബോധപൂർവം ഒഴിവാക്കിയെന്ന ആരോപണവുമായി ദീപ്തി തന്നെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പരാതി നൽകി. മേയർ നിർണയത്തിൽ കെപിസിസി മാനദണ്ഡങ്ങൾ മറികടന്നുവെന്നും രഹസ്യ വോട്ടെടുപ്പ് നടത്താതെ ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ തീരുമാനം അടിച്ചേൽപ്പിച്ചുവെന്നുമാണ് പരാതി. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ളവർ തനിക്കെതിരെ പ്രവർത്തിച്ചുവെന്നും ദീപ്തി ആരോപിച്ചു.
കെപിസിസി സർക്കുലർ പ്രകാരം നിരീക്ഷകൻ എത്തി കൗൺസിലർമാരെ കേട്ട് ഭൂരിപക്ഷാഭിപ്രായമനുസരിച്ച് മേയറെ തീരുമാനിക്കണമായിരുന്നു. എന്നാൽ കൊച്ചിയിൽ അത് നടന്നില്ലെന്നും ഗ്രൂപ്പ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷനും എൻ വേണുഗോപാലും മാത്രം കൗൺസിലർമാരെ കേട്ട് അവിശ്വസനീയമായ കണക്കുകൾ നൽകിയെന്നും ദീപ്തി പരാതിയിൽ ചൂണ്ടിക്കാട്ടി. ജില്ലക്ക് പുറത്തുനിന്നുള്ള നേതാക്കൾ വോട്ടെടുപ്പിന് എത്താതിരുന്നതും നടപടിക്രമ ലംഘനമാണെന്ന് അവർ വ്യക്തമാക്കി. ദീപ്തി അനുകൂലികൾ കടുത്ത പ്രതിഷേധ പരിപാടികൾ ആലോചിക്കുകയാണ്. ഡിസിസി ഭാരവാഹികൾ ഉൾപ്പെടെ രാജി വെക്കണമെന്നാണ് പ്രധാന ആവശ്യം. ഡിസംബർ 26-ന് നടക്കാനിരിക്കുന്ന മേയർ-ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിന് മുമ്പ് ഈ പ്രതിഷേധം കോൺഗ്രസിനുള്ളിൽ വലിയ ഭിന്നതയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ.
കൊച്ചി മേയർ സ്ഥാനം വി കെ മിനിമോൾക്കും ഷൈനി മാത്യുവിനും രണ്ടര വർഷം വീതം പങ്കുവയ്ക്കുമെന്നാണ് നേരത്തെ ഡി സി സി പ്രഖ്യാപിച്ചത്. ഇത് പ്രകാരം ആദ്യ രണ്ടര വർഷം വി കെ മിനിമോളാകും കൊച്ചി മേയർ. ദീപക് ജോയി ഇക്കാലയളവിൽ ഡെപ്യൂട്ടി മേയറായി പ്രവർത്തിക്കും. പിന്നീട് വരുന്ന രണ്ടര വർഷക്കാലം മേയറായി ആയി ഷൈനി മാത്യുവും, ഡെപ്യൂട്ടി മേയറായി കെ വി പി കൃഷ്ണകുമാറിനെയും തീരുമാനിച്ചതായി ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.











