
തിരുവനന്തപുരം: കനത്ത മഴയെ വകവയ്ക്കാതെ, ജനലക്ഷങ്ങളുടെ കണ്ണീർപ്പൂക്കളോടെ മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ വിലാപയാത്ര സംസ്കാരം നടക്കുന്ന പുന്നപ്രയിലെ വലിയ ചുടുകാട് എത്തി. ഇവിടെ റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതു ദർശനം കൂടി കഴിഞ്ഞാൽ കേരളത്തിന്‍റെ വിപ്ലവ സൂര്യൻ തീജ്വാല പോലെ ജലിക്കുന്ന അനശ്വര നക്ഷത്രമായി മാറും. തിരുവനന്തപുരം ദർബാർ ഹാളിൽ നിന്ന് തുടങ്ങിയ വിലാപയാത്ര, 22 മണിക്കൂറിലേറെ സമയമെടുത്ത് ജനസാഗരമായ തെരുവോരങ്ങളുടെ കണ്ണീർ പുക്കളേറ്റ് വാങ്ങിയാണ് ഇന്ന് 12 മണിയോടെ പുന്നപ്ര വേലിക്കകത്തെ വീട്ടിലെത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരങ്ങൾ, പാതയോരങ്ങളിൽ മണിക്കൂറുകളോളം കാത്തുനിന്ന്, ‘കണ്ണേ കരളേ വി.എസ്സേ’ എന്ന മുദ്രാവാക്യങ്ങളോടെ പ്രിയനേതാവിന് അന്ത്യാഭിവാദ്യം അർപ്പിച്ചു.
പുന്നപ്രയിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം, വി എസിന്റെ ഭൗതികശരീരം ആലപ്പുഴ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വച്ചിരുന്നു. ഡി സിയിൽ നിന്ന് അഞ്ച് മണിയോടെയാണ് വിലാപയാത്രയായി, പുന്നപ്ര കടപ്പുറത്തെ വലിയ ചുടുകാട് റിക്രിയേഷൻ ഗ്രൗണ്ടിൽ എത്തിക്കുകയായിരുന്നു. ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല, സഖാവ് വി എസ് ജീവിക്കുന്നു, ഞങ്ങളിലൂടെ ജീവിക്കുന്നു’ എന്ന മുദ്രാവാക്യങ്ങൾ മുഴങ്ങുകയണ്. പുന്നപ്ര-വയലാർ സമരത്തിന്റെ ഉജ്വല സ്മരണകൾ ഇരമ്പുന്ന വലിയചുടുകാട്ടിൽ വി എസ് ഇനി അനശ്വരനാകും. മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ. ബേബി, പ്രകാശ് കാരാട്ട്, ഡി. രാജ, എം വി ഗോവിന്ദൻ തുടങ്ങി നിരവധി നേതാക്കൾ വി എസിന് അവസാന റെഡ് സല്യൂട്ട് നൽകാനായി പുന്നപ്ര സ്മാരകത്തിലെത്തിയിട്ടുണ്ട്.