ഡൽഹി ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നു. ജമ്മു കശ്മീരിൽ സർക്കാർ ജീവനക്കാർ ഉൾപ്പെടെ 10 പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കാശ്മീരിലെ പുൽവാമ, കുൽഗാം, അനന്തനാഗ് ജില്ലകളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അതേസമയം, സ്ഫോടന കേസിലെ കണ്ണികൾ നീങ്ങുന്നത് പാകിസ്ഥാനിലേക്കെന്നാണ് റിപ്പോർട്ടുകൾ.
അറസ്റ്റിലായ ലക്നൗ സ്വദേശി ഡോക്ടര്‍ ഷഹീന് മസൂദ് അസറിൻ്റെ അനന്തരവൻ്റെ ഭാര്യ ആരിഫ ബീവിയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. ആരീഫാ ബീവിയുമായി ഡോക്ടര്‍ ഷഹീൻ സമ്പർക്കത്തിലായിരുന്നു എന്നാണ് ഏജൻസികൾ വ്യക്തമാക്കുന്നത്. ജെയ്ഷേ വനിത സംഘത്തിനായി ഷഹീൻ പ്രവർത്തിച്ചിരുന്നു എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ജെയ്ഷേ തലവന്‍ മസൂദ് അസറിന്‍റെ അനന്തരവന്‍റെ ഭാര്യ ആരിഫ ബീവിയുമായി ഷഹീന് ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നു.
കൂടാതെ, ഇന്ന് സ്ഫോടന കേസിലെ പ്രതികൾ ഉപയോഗിച്ച ബ്രീസാ കാർ അന്വേഷണ സംഘം കണ്ടെത്തി. അൽ ഫലാഹ് സർവകലാശാലയിൽ പാർക്ക് ചെയ്ത നിലയിലാണ് കാര്‍ കണ്ടെത്തിയത്. ഭീകര സംഘത്തിലെ വനിത ഡോക്ടറായ ഷഹീൻ്റെ കാറാണ് കണ്ടെത്തിയത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ കാർ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ചുവന്ന എക്കോ സ്പോർട്ട് കാറാണ് കണ്ടെത്തിയത്. ഫരീദാബാദ് പൊലീസാണ് വാഹനം പിടികൂടിയത്. DL 10 CK 0458 എന്ന നമ്പർ കാറാണ് പൊലീസ് കണ്ടെത്തിയത്. ഖണ്ഡവാലി ഗ്രാമത്തിൽ പാർക്ക് ചെയ്തിരുന്ന നിലയിലായിരുന്നു ഈ കാർ. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കാറിന് പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് പൊലീസിന്‍റെ കണ്ടെത്തല്‍.
വ്യാജ വിലാസത്തിലാണ് ഈ കാർ രജിസ്റ്റർ ചെയ്തിരുന്നത്. രണ്ടാമത്തെ കാർ രജിസ്റ്റർ ചെയ്തിരുന്നത് ദില്ലി ന്യൂ സീലംപൂരിലെ ഒരു വിലാസത്തിലാണ്. പൊലീസ് ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു. വ്യാജ രേഖകൾ നൽകി വാഹനം രജിസ്റ്റർ ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം. രേഖകൾ പ്രകാരം ഡോക്ടർ ഉമർ നബി എന്നയാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ഫോടനത്തിനിടെ കൊല്ലപ്പെട്ട ഉമർ നബിയും കൂട്ടാളികളും നേരത്തെയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.
റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടയിലോ ദീപാവലിക്കോ ആക്രമണം നടത്താനായിരുന്നു നീക്കം. ഉമറും അറസ്റ്റിലായ മുസ്‌മിൽ ഷക്കീലും കഴിഞ്ഞ ജനുവരിയിൽ ചെങ്കോട്ട സന്ദര്‍ശിച്ചിരുന്നു. മുസ്‌മിലിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് ചാന്ദ്നി ചൗക്കിലും ജമാ മസ്ജിദിലും ഇവര്‍ എത്തിയതായി കണ്ടെത്തി. ദിപാവലി പോലുള്ള ആഘോഷവസരങ്ങളില്‍ ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് സൂചന.
ആക്രമണത്തിനായി ഭീകരർ വാങ്ങിയ മറ്റ് വാഹനങ്ങൾക്കായി സുരക്ഷാ ഏജൻസികൾ തെരച്ചിൽ ഊർജിതമാക്കി. സ്ഫോടനത്തിന് ഉപയോഗിച്ച കാർ കൂടാതെ മറ്റു രണ്ട് വാഹനങ്ങൾ കൂടി ഭീകരര്‍ വാങ്ങിയതായും വിവരം ലഭിച്ചു. സംഭവദിവസം ഉമർ പതിനൊന്ന് മണിക്കൂർ ദില്ലിയിലുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ഫരീദാബാദിലെ അറസ്റ്റുകൾ അറിഞ്ഞ ഇയാൾ പരിഭ്രാന്തിയിലായി. ഇല്ലെങ്കിൽ ഇതിലും വലിയ ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നു എന്നുമാണ് വിലയിരുത്തൽ. ഇതിനിടെ, ഭൂട്ടാനില്‍ നിന്നും മടങ്ങിയെത്തിയ പ്രധാനമന്ത്രി എല്‍ എന്‍ ജെപി ആശൂപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
Delhi blast: 10 people, including government employees, detained in Jammu and Kashmir
















