ഡൽഹി സ്‌ഫോടനം: അൽ-ഫലാഹ് സർവകലാശാലയുടെ വെബ്‌സൈറ്റ് അടച്ചു; വ്യാജ അക്രഡിറ്റേഷനിൽ സർവകലാശാലയ്ക്ക് നാക് കാരണം കാണിക്കൽ നോട്ടീസ് നൽകി

ഡൽഹിയിലെ ചെങ്കോട്ടയ്‌ക്കടുത്ത് 13 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത കാർ സ്‌ഫോടനത്തെ തുടർന്ന് അൽ-ഫലാഹ് സർവകലാശാലയെക്കുറിച്ച് കൂടുതൽ വിവാദങ്ങൾ ഉയരുകയാണ്. സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യാജ അക്രഡിറ്റേഷൻ അവകാശവാദങ്ങൾ പ്രദർശിപ്പിച്ചതിനെ തുടർന്ന്, നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (NAAC) കാരണം കാണിക്കൽ നോട്ടീസ് നൽകി.

വ്യാജ വിവരങ്ങൾ സംബന്ധിച്ച നോട്ടീസിന് പിന്നാലെ വ്യാഴാഴ്ച സർവകലാശാലയുടെ വെബ്‌സൈറ്റ് അടച്ച നിലയിലാണ്.അൽ-ഫലാഹ് സർവകലാശാല സ്വന്തം വെബ്‌സൈറ്റിൽ NAAC ൻ്റെ ‘A’ ഗ്രേഡ് ലഭിച്ചതായി തെറ്റായ രീതിയിൽ പ്രചരിപ്പിച്ചതായി കണ്ടെത്തി. എന്നാൽ സർവകലാശാലക്ക് അത്തരം അക്രഡിറ്റേഷൻ ലഭിച്ചിട്ടില്ല, അപേക്ഷിച്ചിട്ടുമില്ല എന്ന് NAAC പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു.“ഇത് പൂർണ്ണമായും തെറ്റാണ്. ഇത് രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നു,” എന്നും നോട്ടീസിൽ പറയുന്നു.

വെബ്‌സൈറ്റിൽ നിന്ന് ഈ തെറ്റായ അക്രഡിറ്റേഷൻ വിവരങ്ങൾ നീക്കം ചെയ്യാനും വിശദീകരണം നൽകാനും സർവകലാശാലയോട് NAAC നിർദ്ദേശിച്ചു. തെറ്റായ വിവരങ്ങൾ നൽകിയതായി തെളിഞ്ഞാൽ സർവകലാശാലയുടെ അംഗീകാരം പിൻവലിക്കാൻ സർവകലാശാലാ ഗ്രാന്റ് കമ്മീഷനോടും (UGC), നാഷണൽ മെഡിക്കൽ കമ്മീഷനോടും (NMC) ശുപാർശ ചെയ്യുമെന്നും NAAC മുന്നറിയിപ്പ് നൽകി.

അതേസമയം, സർവകലാശാലയ്ക്ക് കീഴിലുള്ള അൽ-ഫലാഹ് സ്കൂൾ ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയും അൽ-ഫലാഹ് സ്കൂൾ ഓഫ് എജുക്കേഷൻ ആൻഡ് ട്രെയിനിംഗും യഥാക്രമം 2013, 2011 വർഷങ്ങളിൽ അക്രഡിറ്റേഷൻ നേടിയിരുന്നുവെങ്കിലും, അതിന്റെ കാലാവധി 2018, 2016-ൽ അവസാനിച്ചു. സർവകലാശാലയായി വീണ്ടും അക്രഡിറ്റേഷനായി അപേക്ഷിക്കാതിരുന്നിട്ടും NAACയുടെ ലോഗോയും ഗ്രേഡുകളും തുടർന്നും പ്രദർശിപ്പിച്ചുവെന്ന് NAAC ലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

നവംബർ 10-ന് ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ കാർ സ്‌ഫോടനത്തിന് ഏതാനും ദിവസങ്ങൾക്കുശേഷമാണ് ഈ നടപടി. ചെങ്കോട്ടയിലെ കാർ സ്ഫോടനം അന്വേഷണ ഉദ്യോഗസ്ഥർ അൽ-ഫലാഹ് സർവകലാശാലയിലെ മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെന്ററുമായി ബന്ധപ്പെട്ട മൂന്ന് ഡോക്ടർമാരുമായി ബന്ധപ്പെട്ട ‘വൈറ്റ്-കോളർ ടെറർ മോഡ്യൂളിനോട്’ ബന്ധിപ്പിച്ചിരിക്കുകയാണ്.ഡോ. മുസമ്മിൽ, ഡോ. ഷാഹീൻ എന്നിവർ ഫരീദാബാദിൽ നിന്ന് പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കളുമായി ബന്ധമുള്ളതിനാൽ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ ഓടിച്ചിരുന്നത് ഡോ. ഉമറാണെന്നും സ്‌ഫോടനം നടത്തിയത് അയാളായിരിക്കാമെന്നുമാണ് അന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം.

അതേസമയം, ഈ ദുരന്തത്തിൽ സർവകലാശാല വളരെ ദുഃഖിതരാണ്. സ്ഥാപനത്തിന്റെ പ്രതിച്ഛായ കെടുത്താനുള്ള ശ്രമങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ആരോപണ വിധേയരായ ഡോക്ടർമാരുമായുള്ള ബന്ധം വെറും പ്രൊഫഷണൽ മാത്രമായിരുന്നുവെന്ന് അൽ-ഫലാഹ് സർവകലാശാലാ വൈസ് ചാൻസലർ ഡോ. ഭുപിന്ദർ കൗർ ആനന്ദ് പ്രസ്താവനയിൽ പറഞ്ഞു.സ്ഫോടനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ തീവ്രവാദ ആക്രമണം എന്ന് വിശേഷിപ്പിച്ചു. കുറ്റവാളികളെയും അവരെ പിന്തുണക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പരമാവധി പ്രൊഫഷണലിസവുമായി അന്വേഷണം നടത്തണമെന്ന് എല്ലാ ഏജൻസികളോടും കേന്ദ്ര മന്ത്രിസഭ നിർദ്ദേശിച്ചു.

Delhi blast: Al-Falah University’s website closed; NAAC Issues Show-Cause Over Fake Accreditation

More Stories from this section

family-dental
witywide