ന്യൂഡൽഹി: ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ജയ്ഷെ-മുഹമ്മദ് ഭീകരസംഘടനയിലെ ഒരാൾ കൂടി സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയും ജമ്മു കശ്മീരിലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും ചേർന്ന് കസ്റ്റഡിയിലെടുത്തു. പുൽവാമയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന ശ്രീനഗർ സ്വദേശിയായ തുഫൈലിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കുൽഗാമിലെ മുസഫർ അഹമ്മദ് റാഥറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
അതേസമയം, ഡൽഹി ഭീകരാക്രമണ പദ്ധതിയിൽ തുഫൈലിന്റെ പങ്കെന്താണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. ഗൂഢാലോചനയിൽ ഇയാളുടെ പങ്കാളിത്തം സൂചിപ്പിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ഖാസിഗുണ്ട് സ്വദേശിയായ മുസഫർ ഓഗസ്റ്റിൽ ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ടതായും ഇപ്പോൾ അഫ്ഗാനിസ്‌താനിൽ അഭയം തേടിയിരിക്കാമെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
കശ്മീരിലെ ആശുപത്രികളെ രഹസ്യ ആയുധ സംഭരണ കേന്ദ്രങ്ങളായി ഉപയോഗിക്കാൻ ജയ്ഷെ-മുഹമ്മദ് സംഘം ശ്രമിച്ചിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സ്ഫോടന കേസിൽ പ്രതികളായ മുസമ്മിൽ ഷക്കീൽ ഗനായി, ആദിൽ അഹമ്മദ് റാഥർ, ഷഹീൻ ഷഹീദ്, മുഫ്‌തി ഇർഫാൻ അഹമ്മദ് വഗായ് എന്നിവരെ നേരത്തെ ജമ്മു കശ്‌മീർ പോലീസ് പിടികൂടിയിരുന്നു. ഇവരെ ശ്രീനഗറിലെ എൻഐഎ കസ്റ്റഡിയിലേക്ക് മാറ്റി.
Delhi blast: Another Jaish-e-Mohammed terrorist taken into custody










