ഡൽഹി സ്ഫോടനം; നിർണായക കണ്ടെത്തൽ, അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തി

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ സൈന്യം ഉപയോഗിക്കുന്ന തരം രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയം ഉയരുന്നുവെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് നിന്ന് രണ്ട് വ്യത്യസ്ത‌ തരം സ്ഫോടകവസ്തുക്കളുടെ സാമ്പിളുകളും ഉപയോഗിക്കാത്ത രണ്ട് വെടിത്തിരകളും സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്ന ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തി.

അമോണിയം നൈട്രേറ്റിൻ്റെ സാന്നിധ്യവും സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മറ്റു പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടൂണ്ടോ എന്നത് പരിശോധന കഴിഞ്ഞേ വ്യക്തമാകൂ. സ്ഫോടനം നടത്തിയ ഉമർ പതിനൊന്ന് മണിക്കൂർ ദില്ലിയിലുണ്ടായിരുന്നു. കൊണാട്ട് പ്ലേസിലും ഇയാൾ പോയെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ഫരീദാബാദിലെ അറസ്റ്റുകൾ അറിഞ്ഞ ഇയാൾ പരിഭ്രാന്തിയിലായെന്നും ഇല്ലെങ്കിൽ ഇതിലും വലിയ ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

സ്ഫോടന സ്ഥലത്ത് നിന്ന് കണ്ടെടുത്ത ഉപയോഗിക്കാത്ത വെടിത്തിരകൾ വിശദമായ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. മറ്റൊരു തിരിച്ചറിയാത്ത സ്ഫോടകവസ്‌തുവിൻ്റെയും സാധ്യതയുള്ള അംശങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചു. ലബോറട്ടറി പരിശോധനയ്ക്ക് ശേഷം മാത്രമേ ഏത് തരം വസ്‌തുവാണെന്ന് വ്യക്തമാകൂ. 40-ലധികം സാമ്പിളുകളാണ് സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും സംഘം ശേഖരിച്ചത്. എല്ലാ സാമ്പിളുകളും എഫ്എസ്എൽ ലബോറട്ടറിയിലേക്ക് അയച്ചു. വരും ദിവസങ്ങളിൽ അന്തിമ റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഫോടനത്തിന്റെ സ്വഭാവവും ഉപയോഗിച്ച വസ്‌തുക്കളും നിർണ്ണയിക്കും.

അതേസമയം, സ്ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ. കഴിഞ്ഞ ദിവസം ഫരീദാബാദ്, സഹറൻപുർ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായ ഡോക്ടർമാരായ ആദിൽ, മുസ്മീൽ, ഷഹീനാ എന്നിവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. ആക്രമണത്തിൽ പാക് ഭീകര സംഘടന ആയ ജയ്ഷെ മുഹമ്മദിന്റെ പങ്ക് സംശയിക്കുമ്പോഴും ഇതുവരെയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. കശ്മീരിലെ പുൽവാമ സ്വദേശി ഡോ ഉമർ മുഹമ്മദ് നടത്തിയത് ചാവേർ ആക്രമണം ആയിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ചാവേറിന്റെ രീതിയിൽ ആയിരുന്നില്ല ആക്രമണം. റെയ്ഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത് പ്രതിയെ പരിഭ്രാന്തനാക്കി. നിർമാണം പൂർത്തിയാകാത്ത ബോംബ് അസമയത്ത് പൊട്ടിത്തെറിക്കുക ആയിരുന്നുവെന്നും കാർ ഒരു ലക്ഷ്യത്തിലേക്ക് കുതിക്കുകയോ മനഃപൂർവ്വം ഇടിക്കുകയോ ചെയ്തിരുന്നത് ചാവേറിന്റെ രീതിയ്ക്ക് വിരുദ്ധമാണെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

തിങ്കളാഴ്ച്ച വൈകുന്നേരം ന്യൂഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം കാറിൽ ഉണ്ടായ സ്ഫോടനത്തിൽ ഇതുവരെ 13 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പൂർണ വൈകല്യം സംഭവിച്ചവർക്ക് 5 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 5 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത അറിയിച്ചു.

Delhi blast; Crucial discovery, presence of ammonium nitrate found

More Stories from this section

family-dental
witywide