ഡൽഹി സ്ഫോടനം: ഗൂഢാലോചനാ സംഘത്തിലുണ്ടായിരുന്ന ഡാനിഷിൻ്റെ ഫോണിൽ ഹമാസ് മാതൃകയിലുള്ള ആക്രമണ പദ്ധതി, ലക്ഷ്യമിട്ടത് ഡ്രോണുകളിൽ സ്ഫോടകവസ്തുക്കൾ നിറച്ചുള്ള ആക്രമണം

ന്യൂഡൽഹി : ഇക്കഴിഞ്ഞ നവംബർ 10ന് ഡൽഹിയിലെ ചെങ്കോട്ടയിലുണ്ടായ കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ ഡാനിഷ് എന്ന ജാസിർ ബിലാൽ വാണിയുടെ മൊബൈലിൽ നിന്നും നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.

സ്ഫോടനങ്ങൾ നടത്താൻ പദ്ധതി തയ്യാറുന്ന സംഘത്തിലെ പ്രധാനിയാണ് ഡാനിഷ്. ഇയാളുടെ ഫോണിൽ നിന്നും വീണ്ടെടുത്ത ഡ്രോണിൻ്റെ ചിത്രങ്ങൾ ഹമാസ് മാതൃകയിലുള്ള ആക്രമണങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. ഡൽഹി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കശ്മീർ താഴ്വരയിലെ എട്ട് സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. ഡാനിഷിൻ്റെ വീട്ടിലും റെയ്‌ഡുണ്ടായിരുന്നു.

ഡാനിഷ് ഭീകരാക്രമണ ഗൂഡാലോചനയുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റ് വിവരങ്ങളും ഫോണിൽ നിന്നും നീക്കം ചെയ്തിരുന്നെങ്കിലും അന്വേഷണ സംഘത്തിന് ഇവയെല്ലാം വീണ്ടെടുക്കാനായിട്ടുണ്ട്. ഇതാണ് ഹമാസ് മാതൃക ഭീകരർ പിന്തുടരുന്നതിൻ്റെ തെളിവായി ലഭിച്ചത്. ഡാനിഷിന്റെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത ഫോൾഡറിലുണ്ടായിരുന്നത് ഡ്രോണുകളുടെയും റോക്കറ്റ് ലോഞ്ചറുകളുടെയും ഡസൻ കണക്കിന് ചിത്രങ്ങളും വീഡിയോകളുമായിരുന്നു. ഡ്രോണുകളിൽ സ്ഫോടകവസ്തുക്കൾ എങ്ങനെ സ്ഥാപിക്കാം എന്നതിനെക്കുറിച്ചുള്ള വീഡിയോകളും ഡാനിഷിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വീഡിയോകളെല്ലാം ഒരു ആപ്പ് വഴി കൂട്ടാളികൾക്ക് ഇയാൾ അയച്ചിരുന്നു. ചില വിദേശ നമ്പറുകളും ഫോണിലെ ആപ്പിൽ കണ്ടെത്തിയിട്ടുണ്ട്..

25 കിലോമീറ്റർ വരെ സഞ്ചരിക്കാവുന്ന പരിഷ്കരിച്ച ഡ്രോണുകൾ നിർമ്മിക്കാൻ തീവ്രവാദികൾ ശ്രമിക്കുന്നുണ്ടെന്നതിന് തെളിവുകളും അന്വേഷണത്തിൽ കണ്ടെത്തി. ഹമാസ് ഉപയോഗിക്കുന്നതുപോലുള്ള ഗ്ലൈഡിംഗ് റോക്കറ്റുകളെക്കുറിച്ച് ഭീകരർ പഠിച്ചതായി എൻഐഎ സ്ഥിരീകരിച്ചു.

Delhi blast: Hamas-style attack plan on Danish’s phone.

More Stories from this section

family-dental
witywide