ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനത്തിൻ്റെ അന്വേഷണം വൈറ്റ് കോളർ ടെറർ മൊഡ്യൂളിലെ അംഗങ്ങളിലേക്ക് നീളുന്നു. “വൈറ്റ് കോളർ ടെറർ ഇക്കോ സിസ്റ്റം’ എന്ന അടിസ്ഥാനപരമായ മാറ്റം ഭീകരസംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്റിൽ നടന്നുവെന്ന് ഡോക്ടർമാരുടെ അറസ്റ്റിലൂടെ വെളിപ്പെട്ടതായി കശ്മീർ പൊലീസ് പറയുന്നു. ഡോക്ടർമാരുൾപ്പെടെ ഉന്നത വിദ്യാഭ്യാസമുള്ള പ്രഫഷനലുകളെ സംഘടിപ്പിച്ചുണ്ടാക്കുന്ന ഭീകര ശൃംഖലയാണ് വൈറ്റ് കോളർ ടെറർ മൊഡ്യൂൾ അഥവാ വൈറ്റ് കോളർ ടെറർ ഇക്കോ സിസ്‌റ്റം. ഇവരിലൂടെ സാമ്പത്തിക, സാധന കൈമാറ്റവും ഭീകരസംഘടനകളുടെ ആശയങ്ങൾ പ്രചരിപ്പിക്കലും നടത്തുന്നുവെന്നും സന്നദ്ധ, സാമൂഹിക പ്രവർത്തനങ്ങളുടെ മറവിൽ പ്രഫഷനൽ, അക്കാദമിക് വ്യക്തികളുടെ ശൃംഖലയിൽ നിന്നാണ് ഭീകരപ്രവർത്തനത്തിന് ഇവർ ഫണ്ട് ശേഖരിക്കുന്നതെന്നും ജമ്മു പൊലീസ് പറയുന്നു.
കശ്മീരിലെ ശ്രീനഗറിന്റെ പലഭാഗങ്ങളിലും ഡൽഹിയിലെ ചെങ്കോട്ട സ്ഫോടനത്തിന് മൂന്നാഴ്ച മുമ്പ് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിനെ പിന്തുണച്ചുകൊണ്ടുള്ള പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് അന്വേഷണമാരംഭിച്ച ജമ്മു പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലെത്തി അന്വേഷണം പുരോഗമിക്കുകയായിരുന്നു. ഇതേ തുടർന്ന് ഹരിയാനയിലെ ഫരീദാബാദിൽനിന്നും കശ്‌മീർ സ്വദേശികളായ ഡോ. അദീൽ അഹമ്മദിനെയും ഉത്തർ പ്രദേശിലെ സഹരൻപുരിൽനിന്നും ഡോ. മുസമ്മിൽ ഷക്കീലിനെയും അറസ് ചെയ്തു. മുസമ്മിൽ ഷക്കീലിന്റെ അറസ്റ്റിനു പിന്നാലെ അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ള 2,900 കിലോ സ്ഫോടക വസ്‌തുക്കളും ഫരീദാബാദിൽനിന്ന് കണ്ടെത്തിയിരുന്നു. പിന്നീട് മണിക്കൂറുകൾക്കുള്ളിലാണ് ഡൽഹി സ്ഫോടനം ഉണ്ടാകുന്നത്.
ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള അദീൽ അഹമ്മദിനും മുസമ്മിൽ സ്ഫോടനക്കേസിൽ ഷക്കീലിനും ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്. ഇവരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി പൊലീസ് അന്വേഷിച്ചു വരുകയായിരുന്ന ഡോ.ഉമർ മുഹമ്മദാണ് ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. കാറോടിച്ചയാളുടെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കി ഇത് തെളിയിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം. അമോണിയം നൈട്രേറ്റാണ് ചെങ്കോട്ടയിലും സ്ഫോടനം നടത്താൻ ഉപയോഗിച്ചതെന്നാണു പ്രാഥമിക വിവരം.
പുൽവാമയിൽ ജനിച്ച ഡോ. ഉമർ മുഹമ്മദ് ഫരീദാബാദിലെ അൽ ഫലാ മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്നു. ഇതേ മെഡിക്കൽ കോളജിൽ കഴിഞ്ഞ 3 വർഷമായി സീനിയർ റസിഡന്റായി ജോലി ചെയ്യുകയാണ് മുസമ്മിൽ ഷക്കീൽ അദീൽ മുഹമ്മദിന്റെയും മുസമ്മിലിന്റെയും അടുത്ത അനുയായിയാണ് ഉമർ. അന്വേഷണ സംഘം ഉമര്‍ മുഹമ്മദിന്റെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് ഉമര്‍ ആണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഡോക്ടേഴ്‌സ് പിടിയിലായതിന്റെ പരിഭ്രാന്തിയില്‍ ഉമര്‍ മുഹമ്മദ് പെട്ടെന്ന് ആസൂത്രണം ചെയ്ത ചാവേര്‍ സ്‌ഫോടനമാകാനുള്ള സാധ്യതയും അന്വേഷണ ഏജന്‍സികള്‍ തള്ളിക്കളയുന്നില്ല.
അന്വേഷണ സംഘം ഉമര്‍ മുഹമ്മദിന്റെ സഹോദരനെയും കുടുംബാംഗങ്ങളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കസ്റ്റഡിയിലുള്ളത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ ആദ്യ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്ന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് കിട്ടുന്നതോടെ കണ്ടെടുത്ത വസ്തുക്കളുടെ സ്വഭാവത്തെയും ഘടനയെയും കുറിച്ച് വ്യക്തത വരും.
ഫരീദാബാദില്‍ നിന്ന് കണ്ടെടുത്ത സ്‌ഫോടകവസ്തുക്കളെക്കുറിച്ച് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഫരീദാബാദ് ക്രൈം ബ്രാഞ്ചില്‍ നിന്നും ജമ്മു കശ്മീര്‍ പൊലീസില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഒമ്പത് പേര്‍ക്കാണ് ഇന്നലെ വൈകീട്ട് ഉണ്ടായ സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടമായത്. ആറ് മൃതദേഹം തിരിച്ചറിഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ അല്‍പസമയത്തിനകം ഉന്നതതല യോഗം ചേരും. സ്ഫോടനത്തിൻ്റെ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയേക്കും. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് രാജ്യം.
Delhi blast: Investigation into ‘white collar’ module, what is white collar module?












