ന്യൂഡല്‍ഹി: സ്ഫോടകവസ്തുക്കളുമായി കഴിഞ്ഞദിവസം അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീൻ സയീദിനും ജെയ്ഷെയുടെ വനിതാവിഭാഗമായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ജെയ്ഷ്-എ-മുഹമ്മദിന്റെ കമാന്‍ഡറും പുല്‍വാമ ആക്രമണത്തിന്റെ ആസൂത്രകനുമായ ഉമര്‍ ഫാറൂഖിന്റെ ഭാര്യ അഫിറ ബിബിയുമായി ഡോ. ഷഹീന്‍ സെയ്ദിന് ബന്ധമുണ്ടെന്നാണ് ഡല്‍ഹി സ്‌ഫോടനവും ഫരീദാബാദ് ആയുധകേസും അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്.
ഇന്ത്യയിൽ വനിതാവിഭാഗത്തിന്റെ യൂണിറ്റ് സ്ഥാപിക്കാൻ നേതൃത്വം നൽകിയിരുന്നതും ഷഹീനായിരുന്നു. ഇതിനിടെയാണ് കാറിൽനിന്ന് സ്ഫോടകവസ്തുക്കളുമായി ഷഹീൻ പിടിയിലായത്. ഇതിനുപിന്നാലെയായിരുന്നു രാജ്യത്തെ നടുക്കിയ ഡൽഹിയിലെ ചാവേറാക്രമണം നടന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ജെയ്ഷ് മേധാവി മസൂദ് അസ്ഹറിന്റെ അനന്തരവനായിരുന്നു ഉമര്‍ ഫാറൂഖ്. 2019-ലെ പുല്‍വാമ ആക്രമണത്തിന് പിന്നാലെ നടന്ന ഏറ്റുമുട്ടലില്‍ അദ്ദേഹം കൊല്ലപ്പെട്ടു. 40 സിആര്‍പിഎഫ് ജവാന്‍മാര്‍ അന്ന് വീരമൃത്യു വരിച്ചിരുന്നു.
ജെയ്ഷ് രൂപീകരിച്ച വനിതാ വിഭാഗമായ ജമാഅത്തുന്‍ മുഹമിനാത്ത് ൻ്റെ നേതൃസ്ഥാനമാണ് ഉമര്‍ ഫാറൂഖിന്റെ ഭാര്യ അഫിറ ബിബി കൈകൊള്ളുന്നത്.ഡല്‍ഹി സ്‌ഫോടനത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് അവര്‍ ആ വിഭാഗത്തിന്റെ ഉപദേശകസമിതിയിലേക്കും ചേര്‍ന്നു. അവര്‍ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറിനൊപ്പം പ്രവര്‍ത്തിച്ചിരുന്നതായും, ഇരുവരും ഷഹീന്‍ സെയിദുമായി നിരന്തരം ബന്ധത്തിലുണ്ടായിരുന്നുവെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു.
ഫരീദാബാദിലെ അല്‍-ഫലാഹ് സര്‍വകലാശാലയിലെ മുതിര്‍ന്ന ഡോക്ടറായിരുന്ന ഷഹീന്‍ സെയിദിന്റെ കാറില്‍ നിന്നും തോക്കുകളും വെടിയുണ്ടകളും കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് അവരെ അറസ്റ്റ് ചെയ്തു. ഇന്ത്യയില്‍ ജമാഅത്തുന്‍ മുഹമിനാത്ത് ൻ്റെ യൂണിറ്റ് രൂപീകരിക്കാനും സ്ത്രീകളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാനും അവര്‍ക്ക് ചുമതല ലഭിച്ചതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ലഖ്‌നൗ സ്വദേശിനിയായ ഷഹീന്‍ നിരവധി മെഡിക്കല്‍ കോളേജുകളില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2016 മുതല്‍ 2018 വരെ യു.എ.ഇയില്‍ താമസിച്ചിരുന്നതായും രേഖകളില്‍ പറയുന്നു. ഷഹീന്‍ പലപ്പോഴും ജോലിയില്‍നിന്ന് അനുമതിയില്ലാതെ പോകാറുണ്ടായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. മുന്‍ ഭര്‍ത്താവ് ഡോ. ഹയാത്ത് സഫാറുമായി 2012-ല്‍ ബന്ധം വേര്‍പിരിഞ്ഞ അവര്‍ക്ക് രണ്ടു മക്കളുണ്ട്. മതപരമായി അത്ര കടുത്തയാളായിരുന്നില്ല ഷഹീനെന്നും വിദേശത്ത് താമസിക്കാനാണ് ആഗ്രഹം ഉണ്ടായിരുന്നതെന്നും മുൻ ഭർത്താവ് വ്യക്തമാക്കി.
Delhi blast: Investigation team says Shaheen Saeed has links with wife of Pulwama attack mastermind Umar Farooq
















